തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദത്തിന് വിഘാതം സൃഷ്ടിക്കുന്നതിനും ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പള്ളുരുത്തി സെന്റ് റീത്താ സ്കൂളിൽ നടന്ന ഹിജാബ് വിഷയം. കാലാകാലങ്ങളായി പ്രസ്തുത സ്കൂളിൽ അനുവർത്തിച്ചുപോരുന്ന നയ സമീപനങ്ങളാണ് ഇപ്പോഴും തുടർന്നു വരുന്നത്. എന്നാൽ ചില തൽപരകക്ഷികളുടെ ആസൂത്രിതമായ ഇടപെടലുകളാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് ബലമായി സംശയിക്കുന്നു. ഈ ഗൂഢാലോചനയുടെ നിജസ്ഥിതി കണ്ടെത്തി ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ വകുപ്പിനോടും സംസ്ഥാന സർക്കാരിനോടും തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദത്തെ ഊട്ടിയുറപ്പിക്കുവാൻ എല്ലാവരും സന്നദ്ധരാകണമെന്ന് കേരള സമൂഹത്തോട് രാഷ്ട്രീയകാര്യ സമിതി അഭ്യർത്ഥിച്ചു. അതിരൂപത വികാരി ജനറൽ മോൺസിഞ്ഞൂർ യുജിൻ H. പെരേരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ പ്ലാസ്റ്റിഡ് ഗ്രിഗറി, മോൺ. ജെയിംസ് കുലാസ്, റവ. ഡോ. ലോറൻസ് കുലാസ്, ഫാ. ബീഡ് മനോജ്, ഫാ. വിജിൽ ജോർജ്, ജോളി പത്രോസ്, ലീജ സ്റ്റീഫൻ, ആന്റണി ആൽബർട്ട്, ഷാജൻ മാർട്ടിൻ, പോൾ അലക്സാണ്ടർ, എന്നിവർ പ്രസംഗിച്ചു.