തിരുവനന്തപുരം: ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജറംഗ്ദളിന്റെ വ്യജ ആരോപണത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ രാജ്യമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാര്‍ഢ്യ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ പ്രതിഷേഷ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ, ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ എന്നിവരുടെ നേതൃത്വത്തില്‍ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയായിരുന്നു റാലി. ബിഷപ്പ് ക്രിസ്തുദാസ് മറ്റ് സഭാ മേലധ്യക്ഷന്മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. സന്യാസിമാര്‍ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ക്രിസ്ത്യന്‍ സഭകളുടെ സംയുക്ത റാലി നടന്നത്. വിഷയം രാജ്യം ഒന്നാകെ ഗൗരവമായി കാണണമെന്ന് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.
സന്യാസിനിമാര്‍ മതേതര ഭാരതത്തിന് അഭിമാനമാണെന്ന് മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ പറഞ്ഞു. അവരുടെ സേവനങ്ങളാണ് പതിനായിരക്കണക്കിന് ആളുകളെ മുഖ്യധാരയിലേക്കു നയിച്ചത്. അവരുടെ സേവനം ആര്‍ഷ ഭാരതത്തിന് അവിഭാജ്യ ഘടകമാണ്. ഒരു കല്‍ത്തുറങ്കിനും അതിനെ ഭേദിക്കുവാന്‍ സാധിക്കില്ലെന്നും അദേഹം പറഞ്ഞു. തുറിങ്കലടയ്ക്കപ്പെട്ടത് രണ്ട് കന്യാസ്ത്രീകളല്ല, ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലെ ന്യൂനപക്ഷ അവകാശങ്ങളാണ് തടവറയിലാക്കപ്പെട്ടിരിക്കുന്നതെന്ന് ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ പറഞ്ഞു.