തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ, അന്യായമായ തുറങ്കിലടയ്ക്കൽ എന്നിവയ്ക്കെതിരെ പ്രതിഷേധിച്ചും ക്രൈസ്‌തവ സഭകൾക്കെതിരെ രാജ്യവ്യാപകമായി തുടർച്ചയായി നടന്നു വരുന്ന പീഡനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും തിരുവനന്തപുരം കാത്തലിക് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു.
ഇതു സംബനിച്ച് തിരുവനന്തപുരം ലാറ്റിൻ ആർച്ച് ബിഷപ്പ് ഹൗസിൽ വച്ചു നടന്ന ആലോചനാ യോഗത്തിൽ വിവിധ റീത്തുകളെ പ്രതിനിധീകരിച്ച് മോൺ. യൂജിൻ എച്ച് പെരേര, മോൺ. വർക്കി ആറ്റുപുറത്ത്, മോൺ. ജോൺ തെക്കേക്കര, വൈദികർ, വിവിധ സമുദായ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.
ജൂലൈ 30-ാം തിയതി ബുധനാഴ്‌ച വൈകുന്നേരം 4 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന റാലി രാജ്‌ഭവനു മുൻപിൽ സമാപിക്കും. വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാർ നയിക്കുന്ന റാലിയിൽ വൈദികർ, സന്യസ്തർ, അല്‌മായ സംഘടനകൾ വിശ്വാസികൾ എന്നിവർ പങ്കെടുക്കും. കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് ക്രിസ്‌തുദാസ് മറ്റു സഭാമേലദ്ധ്യക്ഷന്മാർ എന്നിവർ റാലിയെ അഭിസംബോധന ചെയ്യും.