നമ്മുടെ ചുറ്റുപാടുമുള്ള സമൂഹത്തിൽ അനുദിനം നടക്കുന്ന സംഭവങ്ങൾ ശരിയാംവണ്ണം രേഖപ്പെടുത്തിയില്ല എങ്കിൽ ചരിത്ര വസ്തുതകൾ വരുംതലമുറയ്ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ ഇടയുണ്ടെന്നു പുനലൂർ ലത്തീൻ രൂപത മെത്രാൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസാപാക്യത്തിന്റെ പൗരോഹിത്യ, അജപാലന ദൗത്യത്തെക്കുറിച്ച് അധ്യാപകനും ചിത്രകാരനുമായ ശ്രീ. ഇഗ്‌നേഷ്യസ് തോമസ് രചിച്ച ‘ഇടയവീഥിയിലെ സൂര്യതേജസ്’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുതപ്പെടുന്ന വസ്തുതകളാണ് ചരിത്രമായി മാറുന്നത് എന്നും ബിഷപ് സൂചിപ്പിച്ചു.
വിശുദ്ധനും സാത്വികനായ ആർച്ച്ബിഷപ് സൂസപാക്യം സ്നേഹത്തിന്റെ കൃപ ജനങ്ങളിലേക്ക് ഒഴുക്കുന്ന ഇടയനാണെന്ന് മുഖ്യപ്രഭാഷകനായ സാഹിത്യകാരൻ ശ്രീ. ജോർജ് ഓണക്കൂർ വിശേഷിപ്പിച്ചു. സൂസപാക്യം പിതാവിന്റെ മഹനീയ വിശുദ്ധ സാന്നിദ്ധ്യം കൂടൂതൽ കൂടുതൽ പഠനവിധേയമാക്കേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഗീത സംവിധായകൻ ശ്രീ. ഒ. വി. റാഫേൽ പുസ്തകത്തിന്റെ ആദ്യപ്രതി ബിഷപ് സിൽവസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.
അതിരൂപത കുടുംബ ശുശ്രൂഷയുടെ കേന്ദ്ര ഓഫിസിലെ ജിയന്ന ഹാളിൽ നടന്ന ചടങ്ങിൽ പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ വികാരി വെരി റവ. മോൺ. നിക്കോളാസ് താർസിയൂസ് പുസ്തകത്തെ പരിചയപ്പെടുത്തി. റവ. ഫാ. മെൽക്കൺ (ഡയറക്ടർ, വിദ്യാഭ്യാസ ശുശ്രൂഷ), റവ. ഫാ. സിൽവസ്റ്റർ കുരിശ് (സെക്രട്ടറി, ഹെറിറ്റേജ് കമ്മീഷൻ), റവ. ഫാ. ദീപക് ആന്റോ (എക്സി. സെക്രട്ടറി, മീഡിയ കമ്മീഷൻ), റവ. ഫാ. ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
അഭിവന്ദ്യ സൂസപാക്യം പിതാവിൻ്റെ ബാല്യകാലവും, പൗരോഹിത്യ-മെത്രാൻ ശുശ്രൂഷകൾ ഉൾക്കൊള്ളുന്ന അരനൂറ്റാണ്ട് കാലം സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകളാണ് ഗ്രന്ഥത്തിലെ പ്രതിപാദ്യം. കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള സഭാ മേലധ്യക്ഷന്മാരുടെ ആശംസകളും ഡോ. ജോർജ് ഓണക്കൂറിൻ്റെ അവതാരികയും ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ലത്തീൻ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ആണ് പുസ്തകത്തിന്റെ പ്രസാധകർ.