വത്തിക്കാൻ: ജനുവരി ഒന്നിന്, ദൈവമാതാവിൻറെ തിരുന്നാൾ ദിനത്തിൽ ആഗോള കത്തോലിക്കാസഭ ആചരിക്കുന്ന വിശ്വശാന്തിദിനത്തിനായി ഫ്രാൻസീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന ആദർശ പ്രമേയം പ്രകാശനം ചെയ്തു.
“നിർമ്മിതബുദ്ധിയും സമാധാനവും” എന്നതാണ് പ്രമേയം.
കൃത്രിമ ബുദ്ധിയുടെ, അഥവാ, ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ മേഖലയിൽ കൈവരിച്ചിട്ടുള്ള ശ്രദ്ധേയമായ പുരോഗതികൾ മനുഷ്യൻറെ കർമ്മ മണ്ഡലം, അവൻറെ വ്യക്തിപരവും സാമൂഹികവുമായ ജീവിതം, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗം ഈ പ്രമേയം വെളിപ്പെടുത്തിക്കൊണ്ടു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
സ്ഫോടനാത്മക സാധ്യതകളും അവ്യക്ത ഫലങ്ങളും കുടികൊള്ളുന്ന ഇത്തരം പുതിയ സാങ്കേതികവിദ്യകളുടെ പൊരുളിനെക്കുറിച്ച് തുറന്ന സംവാദത്തിൽ ഏർപ്പെടാൻ ഫ്രാൻസിസ് പാപ്പ പ്രോത്സാപ്പിക്കുന്നു.
ഇത്തരം ഉപാധികളുടെ ഉൽപ്പാദനവും ഉപയോഗവും അക്രമത്തിൻറെയും വിവേചനത്തിൻറെയും യുക്തിയിൽ വേരൂന്നാതിരിക്കാനും ഏറ്റം ദുർബ്ബലരും പരിത്യക്തരും ആയവരെ ബലിയാടുകളാക്കി, അനിതിയും അസമത്വവും സംഘർഷങ്ങളും വിദ്വേഷവും ഊട്ടിവളർത്താൻ അവ ഉപയോഗിക്കാതിരിക്കാനും ജാഗ്രത പാലിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നുവെന്ന് വിജ്ഞാപനത്തിൽ കാണുന്നു. നിർമ്മിത ബുദ്ധിയെന്ന ആശയവും അതിൻറെ ഉപയോഗവും ഉത്തരവാദിത്വബോധത്തോടെ ആയിരിക്കണം എന്നതിലേക്കു നയിക്കേണ്ടതിൻറെ അടിയന്തിരാവശ്യവും വിജ്ഞാപനം എടുത്തുകാട്ടുകയും അങ്ങനെ നിർമ്മിതബുദ്ധി മാനവകുലത്തിൻറെയും നമ്മുടെ പൊതു ഭവനത്തിൻറെ സംരക്ഷണത്തിൻറെയും സേവനത്തിനായി നിലകൊള്ളാൻ ആവശ്യമായ ഇടപെടലുകൾ വിദ്യാഭ്യാസത്തിൻറെയും നിയമത്തിൻറെയും മേഖലയിലേക്ക് വ്യാപിപ്പിക്കുക ആവശ്യമാണെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.