തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. നാലുപേരും നീന്തി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കില്ല. കടലില്‍ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അതിശകതമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
ഇക്കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനനകളുമായി വിഷയത്തിന്മേൽ മന്ത്രിതല ചർച്ച നടത്തിയിരുന്നു. അതിൻപ്രകാരം ഹാർബറിലെ പ്രവേശന കവാടത്തിത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കുന്ന പ്രവത്തനം യുദ്ധകാലടിസ്ഥാനത്തിൻ അദാനി പോർട്സ് ലിമിറ്റഡിനെക്കൊണ്ട് പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നല്കിയിരുന്നു. മുതലപ്പൊഴി പ്രശ്നപരിഹാരത്തിന് നിരന്തരം ഇടപെടലുകൾ നടത്തുന്ന തിരുവനന്തപുരം അതിരൂപതയെ സർക്കാർ ചർച്ചയിൽ നിന്നൊഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിഷയത്തിന്മേൽ സർക്കാരിന് ആത്മാർത്ഥതയില്ലായെന്ന് തെളിയിക്കുന്നതായിരുന്നു അതിരൂപതയെ ഒഴിവാക്കിയ നടപടി.
ചർച്ചകൾക്ക് ശേഷം അദാനി പോർട്സിന്റെ നേതൃത്തിൽ മണ്ണ് മാറ്റാനുള്ള പ്രവർത്തനം തുടങ്ങിയെങ്കിലും ക്രെയിനിന്റെ വടം പൊട്ടിയതിനാൽ ശ്രമം പരാജയപ്പെട്ടു. മണ്ണ് നീക്കുന്ന പ്രവർത്തനം വീണ്ടും വൈകുമെന്ന് അധികൃതർ അറിയിച്ചു. ചെറിയ ക്രെയിനുകള്‍ കൊണ്ടുവന്ന് തട്ടിക്കൂട്ട് പ്രവര്‍ത്തികള്‍ നടത്തി മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലത്തെ അപകടം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷപാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.