ഇരവിപുത്തൻതുറ വി. കത്രീന ഇടവകയിൽ മത്സ്യതൊഴിലാളികളുടെ കൂടിവരവ് സംഘടിപ്പിച്ചു. ജൂലൈ 10 മുതൽ 16 വരെ ഏഴ് ദിവസം നീണ്ടു നിന്ന മത്സ്യതൊഴിലാളികൂടിവരവിൽ മത്സ്യതൊഴിലാളികളുടെ പഴമയുൾക്കൊള്ളുന്നതും പ്രാദേശികവുമായ കളികളും, വിവിധ കലാ മത്സരങ്ങളും അരങ്ങേറി. ഫുട്ബോൾ, ചീട്ട് കളി, ഓട്ട മത്സരം, ചാട്ടം, വടംവലി, സൂചിയും നൂലും, കബഡി, നീന്തൽ മത്സരം തുടങ്ങി കായിക മത്സരങ്ങളും, പ്രസംഗ മത്സരം, പാട്ട്, നൃത്തം തുടങ്ങിയ കലാ മത്സരങ്ങളുമാണ് മത്സ്യത്തൊഴിലാളി ഫെസ്റ്റിൽ സംഘടിപ്പിച്ചത്.
ഇരവിപുത്തൻതുറ സെന്റ് കാതറിൻ ഗ്രൗണ്ടിലും, എഫ്. എ. എസ്. സി. ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പരിപാടിയുടെ അവസാന ദിവസമായ 16- ന് നടന്ന പൊതുസമ്മേളനത്തിൽ എം. എൽ. എ രാജേഷ് കുമാർ, സ്ഥലം പോലിസ് ഇൻസ്‌പെക്ടർ, ഫെറോനാ വികാരി തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.