ദൈവവചനാഭിമുഖ്യം വളർത്താനുതകുന്ന ലോഗോസ് ക്വിസിന് ഒരുങ്ങാൻ ലോകമെമ്പാടുമുള്ള മത്സാരാർത്ഥികൾക്ക് സഹായകരമാകുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2023 ലോഞ്ച് ചെയ്തു. ഇക്കുറി മലയാളം കൂടാതെ ഇംഗ്ലീഷിൽ കൂടി ലഭ്യമാകുന്ന ആപ്പിന്റെ ആറാം പതിപ്പാണ് പുറത്തിറങ്ങിയത്. ഇംഗ്ലീഷ് പതിപ്പ് തിരുവനന്തപുരം സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും, മലയാളം പതിപ്പ് ആർ സി സ്കൂൾ മാനേജർ ഫാ. ഡോ. ഡൈയ്സനും ഗെയിം കളിച്ചുകൊണ്ട് പ്രകാശനം ചെയ്തു.
കഴിഞ്ഞ വർഷങ്ങളിലെ പതിപ്പുകളിൽ ലോകമെങ്ങും ഉള്ള ലോഗോസ് ക്വിസ്സിന് ഒരുങ്ങുന്നവർ താല്പര്യത്തോടെ ഗെയിം കളിച്ചതോടെയാണ് ഇക്കൊല്ലവും ഈ ഗെയിം പുറത്തിറക്കാൻ തീരുമാനിച്ചത്.
നവമാധ്യമങ്ങളിലൂടെ സുവിശേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തിരുവനന്തപുരം മീഡീയ കമ്മിഷനാണ് ഈ സംരഭത്തിന്റെ അണിയറ പ്രവർത്തകർ. കഴിഞ്ഞ അഞ്ചുവർഷമായി ലോഗോസ് ക്വിസ് മത്സരാർത്ഥികൾക്ക് ഏറെ സഹായകമാകുന്ന ആപ്പിന്റെ ആറാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയത്. പ്ളേസ്റ്റോറിൽ ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2023 എന്ന പേരിൽ ഇപ്പോൾ ലഭ്യമാണ്.
വിവിധ റൗണ്ടുകളിലായി നടക്കുന്ന ഗെയിമിലെ വിജയികൾക്ക് ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും 2023 സെപ്തംബറിൽ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
പ്രകാശന ചടങ്ങിൽ 2022 ലോഗോസ് ക്വിസ്സ് മത്സരത്തിൽ സംസ്ഥാന തലത്തിൽ എ വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2022 ന്റെ മത്സരാർത്ഥിക്കൂടിയായ റെയ്ച്ചൽ മരിയയേയും, ഈ വർഷം ഇംഗ്ളീഷ് പതിപ്പ് പ്രകാശനം ചെയ്യാൻ പ്രയത്നിച്ച പ്രൊഫ. അലക്സ് ഫെർണ്ണാണ്ടസ് എന്നിവരെയും ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ ഫാ. റോഷൻ, ഫാ. മനീഷ പീറ്റർ, മീഡീയ കമ്മിഷൻ അസ്സി. എക്സി. സെക്രട്ടറി സതീഷ് ജോർജ്ജ്, ശ്രീ. ഷാജി ജോർജ്ജ്, വിവിധ രൂപതകളിൽ നിന്നെത്തിയ മത്സരാർത്ഥികൾ, മീഡിയ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
25 റൗണ്ടുകളായി തയ്യാറാക്കിയിരുന്ന മത്സരത്തിൽ മൊത്തം 1200 ചോദ്യങ്ങളാണ് മലയാളം വിഭാഗത്തിലും ഇംഗ്ലീഷ് വിഭാഗത്തിലും ഉള്ളത്. നിശ്ചിത സമയത്തിനുള്ളിൽ ഒറ്റത്തവണകൊണ്ട് പൂർത്തിയാക്കേണ്ട റാപ്പിഡ് റൗണ്ടുകൾ ആയിരിക്കും വിജയികളെ നിർണയിക്കുക. സെപ്റ്റംബർ 23 ന് പൂർണ്ണമാകുന്ന പോയിൻറ് നില വച്ച് വിജയികൾ നിർണയിക്കപ്പെടും.
ഗെയിമിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. https://play.google.com/store/apps/details?id=com.logosquizapp.LAT2k18