സിബിസിഐ ഓഫീസ് ഫോർ ലേബർ, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ആൻഡ് കേരള ലേബർ മൂവ്‌മെന്റ് (കെഎൽഎം) ന്റെ ആഭിമുഖ്യത്തിൽ തെക്കൻ മേഖല മൈഗ്രന്റ്സ് വർക്കേഴ്സ് കോർ കമ്മിറ്റിയുടെ യോഗം ഇന്ന് വെള്ളയമ്പലം ടിഎസ്എസ്എസ് ഹാളിൽ നടന്നു. സുരക്ഷിതവും ക്രമരഹിതവും സ്ഥിരവുമായ കുടിയേറ്റത്തെക്കുറിച്ചുള്ള വിലയിരുത്തലും, കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകളും യോഗത്തിൽ ചർച്ചാ വിഷയമായി.
അതിരൂപത വികാരി ജനറൽ മോൺ യൂജിൻ എച്ച്. പെരേര യോഗം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 130 കോടി ജനങ്ങളിൽ 60 കോടി ജനങ്ങളും കുടിയേറ്റ തൊഴിലാളികളാണ്. ഇതിൽ 10% പേർ സംഘടിത മേഖലയിലും 90% പേരും അസംഘടിത മേഖലയിലും ആണ് തൊഴിൽ ചെയ്യുന്നത്. അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പോലും അവർ അർഹിക്കുന്ന രീതിയിൽ ലഭ്യമാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. കേരളം കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കുന്നെങ്കിലും തൊഴിലാളികൾ അർഹിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കാതെ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് മൈഗ്രന്റ്സ് മിനിസ്ട്രി കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന കോർഡിനേറ്റർ ഫാ. ഇമ്മാനുവൽ എസ്.ജെ. പറഞ്ഞു.
അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും അവർ അർഹിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന വിഷയത്തെ ആസ്പദമാക്കി കെ. എൽ. എം സൗത്ത് സോൺ കോർഡിനേറ്റർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, ഡബ്ലൂ. ഐ. എഫ്. ഐ പ്രസിഡന്റ് ശ്രീ. ജോയ് ഗോതുരുത്ത്, കെ.എൽ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ. ബാബു തണ്ണിക്കോട്ട്,തിരുവനന്തപുരം അതിരൂപത മൈഗ്രന്റ്‌സ് കമ്മീഷൻ കോർഡിനേറ്റർ സിസ്റ്റർ സുജ തോമസ് എന്നിവർ സംസാരിച്ചു.