മധ്യപ്രദേശിൽ ക്രൈസ്തവ ആരാധനാലയവും, ബൈബിളും അഗ്നിക്കിരയാക്കി ക്രൈസ്തവ വിരുദ്ധർ. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ചൗകി പുര ഗ്രാമത്തിലെ ക്രൈസ്തവ ആരാധനാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. അക്രമികൾ ചുമരിൽ റാം എന്ന് എഴുതുകയും ബൈബിൾ കത്തിക്കുകയും ചെയ്തു.
ജില്ലാ ആസ്ഥാനത്തുനിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദൈവാലയത്തിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികളാണ് അക്രമം നടന്നതായി കണ്ടെത്തിയത്. ജനൽ വല അഴിച്ചാണ് അക്രമികൾ ആരാധനാലയത്തിലേക്ക് പ്രവേശിച്ചതെന്ന് നർമ്മദാപുരം പോലീസ് സൂപ്രണ്ട് ഗുരുകരൻ സിംഗ് പറഞ്ഞു.
അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 പ്രകാരം പോലീസ് കേസെടുത്തു. ചുവരിൽ റാം എന്ന് എഴുതിയിരുന്നതിനാൽ അക്രമത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വവാദികളാണ് എന്ന് കരുതപ്പെടുന്നു. സംഭവത്തിൽ ഉൾപ്പെട്ട അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തണം എന്ന ആവശ്യം വിശ്വാസികളുടെ ഭാഗത്തുനിന്നും ശക്തമാണ്.