കണ്ണൂർ രൂപതയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം, മലബാർ മണ്ണിന്റെ മഹാ മിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടു. മലബാറിലെ ജാതി മത ഭേദമെന്യേ പാവപ്പെട്ട 7500 ൽ അധികം പേർക്ക് വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയും ഒട്ടനവധി വീടുകൾ പുതുക്കിപ്പണിതും, 5000 ത്തോളം പേർക്ക് തയ്യൽ മെഷീനുകൾ നൽകിയും, 2500 ഓളം കിണറുകൾ കുഴിച്ചു നൽകിയും, പതിനായിരങ്ങൾക്ക് ചികിത്സാ സഹായം നൽകുകയും, അവർക്ക് ജീവിത സാഹചര്യങ്ങൾ ഒരുക്കുകയും അതിലുപരി മുപ്പതോളം ഇടവകകൾ സ്ഥാപിച്ച് അവിടെയൊക്കെ ദൈവാലയങ്ങൾ പണിയുകയും ചെയ്ത്, ആറര പതിറ്റാണ്ടിലേറെക്കാലം ത്യാഗനിഷ്ടയോടെ സേവനം ചെയ്ത ഇറ്റാലിയൻ മിഷിനറിയാണ് ഫാ. ലീനസ് മരിയ സുക്കോൾ എന്ന സുക്കോളച്ചൻ.
ജീവിച്ചിരിക്കുമ്പോൾത്തന്നെ വിശുദ്ധൻ എന്ന് അറിയപ്പെട്ട സുക്കോളച്ചന്റെ ജനനം വടക്കൻ ഇറ്റലിയിലെ ട്രെൻഡിനോ പ്രവിശ്യയിൽപ്പെട്ട സർനോണിക്കോ ഗ്രാമത്തിൽ ജൂസെപ്പെ – ബെർബെരാ ദമ്പതികളുടെ മകനായി 1916 ഫെബ്രുവരി 8 നായിരുന്നു. ജനിച്ചു വീണ കുഞ്ഞിന് ആരോഗ്യം കുറവാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ കുഞ്ഞിന് താമസിയാതെ മാമോദീസ നല്കി. ഈ കുഞ്ഞാണ് 98 വയസ്സുവരെ ജീവിച്ചതും.
ഭാരതത്തിൽ എത്തി 70 വർഷത്തിൽപരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും. ഇറ്റലിയിൽ ട്രന്റ് രൂപതാ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട സുക്കോളച്ചൻ മിഷൻ പ്രവർത്തനത്തിനുള്ള അവസരം ലഭിക്കാൻ രൂപത വിട്ട് ഈശോ സഭയിൽ ചേർന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷം 1948-ൽ ഭാരതത്തിലെ കോഴിക്കോട് രൂപതയിലെ വയനാട്ടിലും കണ്ണൂർ രൂപതയിലെ മരിയാപുരത്തും മിഷൻ പ്രവർത്തനത്തിന് എത്തിയപ്പോൾ പൂർത്തിയായത്.