വിശ്വാസത്തിന്റെ സംരക്ഷകനായി എട്ട് വർഷക്കാലം സഭയെ നയിച്ച എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ശവസംസ്കാര ശുശ്രൂഷകൾ പൂർത്തിയായി. പാപ്പയുടെ ഭൗതിക ശരീരം ജോൺ പോൾ രണ്ടാമൻ പാപ്പയെ അടക്കം ചെയ്തിരുന്ന ആദ്യ കപ്പേളയിലാണ് അടക്കം ചെയ്തത്. പാപ്പയുടെ ഭൗതികശരീരം പൊതു ദർശനത്തിന് വച്ചശേഷം പൊതു സംസ്കാര ചടങ്ങുകൾക്കായി സൈപ്രസ് മരം കൊണ്ട് നിർമ്മിച്ച മഞ്ചത്തിലേക്ക് മാറ്റിയിരുന്നു. സിങ്ക് കൊണ്ടുള്ള പേടകത്തിനുള്ളിൽ മഞ്ചം മാറ്റിയ ശേഷമാണ് കല്ലറയിൽ സംസ്കരിച്ചത്. ബെനഡിക്റ്റ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ സ്മരണിക മെഡലുകളും, നാണയങ്ങളും, ലാറ്റിൻ ഭാഷയിൽ അദ്ദേഹം പാപ്പയായിരുന്ന കാലത്തെക്കുറിച്ചുള്ള വിവരണവും, പാലിയവും ഭൗതിക ദേഹത്തോടൊപ്പം വച്ചിട്ടുണ്ട്.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കർദിനാളന്മാരും മെത്രാന്മാരും വൈദീക, സന്യാസ പ്രമുഖരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. മൃതസംസ്കാര ശുശ്രൂഷ ചടങ്ങുകൾക്ക് ഫ്രാൻസിസ് പാപ്പ നേതൃത്വം നൽകി. പിതാവിൻറെ തൃക്കരങ്ങളിൽ എൻറെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തലചായ്ച്ച ക്രിസ്തുവിനെ ഓർമിപ്പിച്ചുകൊണ്ട്, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയെയും യാത്രയാക്കാൻ ഫ്രാൻസിസ് പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. വത്തിക്കാൻ ചതുരത്തിൽ നടന്ന മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം പാപ്പായുടെ പൂജ്യ ശരീരം ജനസാന്നിധ്യമില്ലാതെ സംസ്കരിച്ചു .