വി. ദേവസഹായം സംസ്ഥാനതല മെഗാക്വിസിൽ തിരുവനന്തപുരം അതിരൂപതക്ക് തിളക്കമാർന്ന വിജയം.സന്യസ്തർ,അൽമായർ,വിദ്യാർത്ഥികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഒൻപതു വിജയികളിൽ അഞ്ചുപേരും തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ളവരാണ്. മൂന്ന് വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനവും, രണ്ട് രണ്ടാം സ്ഥാനങ്ങളുമാണ് തിരുവനന്തപുരം അതിരൂപതയിലെ പ്രതിനിധികൾ സ്വന്തമാക്കിയത്.
ഇടവക തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ജൂലൈ 3-ന് നടന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തത്.ജൂലൈ 9-ന് കണ്ണൂരിൽ വച്ച് നടന്ന കെ. ആർ. എൽ. സി. സി-യുടെ സംസ്ഥാന സമ്മേളനത്തിൽ വച്ചാണ് മത്സരഫലം പ്രഖ്യാപിച്ചത്.12 ലത്തീൻ അതിരൂപതകളിൽ നിന്നായി 3600 പേർ പങ്കെടുത്ത മെഗാ ക്വിസ്സിൽ 925 പേർ തിരുവനന്തപുരം അതിരൂപതയിൽ നിന്ന് പങ്കെടുത്തു.
ഓരോ വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനം 15000 രൂപയും രണ്ടാം സ്ഥാനം 10000 രൂപയും മൂന്നാം സ്ഥാനം 5000 രൂപയുമാണ്.
സന്യസ്ത വിഭാഗത്തിൽ കൊച്ചുപള്ളി ഇടവക സന്യസ്ഥ കൂട്ടായ്മയിലെ സിസ്റ്റർ മെർലിൻ തോമസ് ഒന്നാം സ്ഥാനം കരസ്തമാക്കിയപ്പോൾ അൽമായ വിഭാഗത്തിൽ പൂഴിക്കുന്ന് ഇടവകാംഗം ശ്രീമതി റീജ സി ഒന്നാം സ്ഥാനവും കിള്ളിപ്പാലം ഇടവകാംഗം ശ്രീമതി വിൽഫ്രീഡ രണ്ടാം സ്ഥാനവും സ്വന്തമാക്കി. വിദ്യാർഥികളുടെ വിഭാഗത്തിൽ പുല്ലുവിള ഇടവകയിലെ ജ്യോതി എൽ. ജോവാൻ ഒന്നാം സമ്മാനവും പാലപ്പൂർ ഇടവകയിലെ റിയാൻ എസ് വിയാനി രണ്ടാം സമ്മാനവും നേടി.
വി. ദേവസഹായത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോടാനുബന്ധിച്ച് കെ. ആർ. എൽ. സി. ബി. സി -യുടെ മതബോധന കമ്മീഷന്റെയും ഹെറിറ്റേജ് കമ്മീഷന്റെയും നേതൃത്വത്തിലാണ് ദേവസഹായം മെഗാക്വിസ് സംഘടിപ്പിച്ചത്.