തയ്യാറാക്കിയത്: ഇഗ്‌നേഷ്യസ് തോമസ്
67 വർഷങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരം രൂപതയിൽ ആദ്യമായി മെത്രാഭിഷേക കർമ്മം നടന്നത്. കൊല്ലം രൂപത മെത്രാനും പിന്നീട് തിരുവനതപുരം രൂപതയുടെ പ്രഥമ മെത്രാനുമായി നിയമിതനായ ഡോ. വിൻസെന്റ് ദെരേരയുടെ മെത്രാഭിഷേകം കൊള്ളാത്ത വച്ചാണ് നടത്തപ്പെട്ടത്. 1936 ഫെബ്രുവരി 10 ന് പയസ് 11 മൻ പാപ്പ അദ്ദേഹത്തെ കൊല്ലം രൂപത മെത്രാനായി നിയമിച്ചു. അതെ വര്ഷം മെയ് 17 ന് അപ്പോസ്തോലിക്ക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോ പീറ്റർ കീറിക്കൽസിന്റെ മുഖ്യ കാർമ്മികത്വത്തിൽ മെത്രാഭിഷേക ചടങ്ങുകൾ നടന്നു. അതിനുശേഷം ഒരു വർഷവും രണ്ടു മാസവും പൂർത്തിയായപ്പോൾ 1937 ജൂലൈ 1 ന് കൊല്ലം രൂപത വിഭജിക്കുകയും തിരുവനന്തപുരം രൂപത നിലവിൽ വരുകയും ചെയ്തു. ഡോ. വിൻസെന്റ് ദെരേര തിരുവനതപുരം രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി.
1955 മെയ് 5 ന് തദ്ദേശ്യനായ ഫാ. പീറ്റർ ബെർണാഡ് പെരേര സഹായമെത്രാനായി നിയമിക്കപ്പെട്ടു. ആഗസ്റ്റ് 24 ന് നടന്ന പ്രൗഢഗംഭീര ചടങ്ങായിരുന്നു തലസ്ഥാന നഗരി സാക്ഷ്യം വഹിച്ച ആദ്യത്തെ മെത്രാഭിഷേക കർമ്മം.
അപ്പോസ്തലനായ വി. ബെർത്താലോമിയയുടെ തിരുനാൾ ദിനത്തിൽ ആയിരുന്നു മെത്രാഭിഷേക കർമ്മം. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നത്. കുരിശ് ആകൃതിയിൽ നിർമ്മിച്ച വിശാലമായ പന്തൽ. ഒരു ലക്ഷത്തോളം വിശ്വാസികളുടെ പങ്കാളിത്തം. രാവിലെ 7:10 ന് ആരംഭിച്ച മെത്രാഭിഷേക ചടങ്ങിൽ രൂപത അദ്ധ്യക്ഷനായ ഡോ. വിൻസെന്റ് വി ദെരേര ആയിരുന്നു മുഖ്യ കാർമ്മികൻ. ഡോ. അഗ്നി സ്വാമി ( കോട്ടാർ) ഡോ. ആംബ്രോസ് അബ്സ്ലോ (വിജയപുരം) എന്നി മെത്രാന്മാർ സഹകാർമികരായിരുന്നു. 11 മെത്രാന്മാർ വിവിധ രൂപതകളിൽ നിന്നും ചടങ്ങിൽ എത്തിയിരുന്നു. 10 :30 അവസാനിച്ച മെത്രാഭിഷേക കർമ്മത്തെ തുടർന്ന് അനുമോദനയോഗവും നടന്നു. യോഗത്തിനു ശേഷം ഭദ്രാസന ദൈവാലയ പരിസരത്ത് സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്നദാനവും നടത്തി. അന്ന് വൈകുന്നേരം 6 മണിക്ക് മെത്രാഭിഷേക പന്തലിൽ വച്ച് നഗരത്തിലെ പൗരപ്രമുഖർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ അനുദ്യോഗസ്ഥർ അൽമായ പ്രമുഖർ എന്നിവർക്കായി ഉദ്യാനവിരുന്നും ഒരുക്കിയിരുന്നു. അന്നത്തെ കേരളം മുഖ്യമന്ത്രി പനമ്പള്ളി ഗോവിന്ദമേനോൻ ഹൈ കോടതി ജഡ്ജി റ്റി. കെ. ജോസഫ് വ്യവസായ വകുപ്പ് ഡയറക്ടർ കെ. സി. ചാക്കോ തുടങ്ങിയവർ ബിഷപ്പ് പീറ്റർ ബെർണാർഡ് പേരെരക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തിരുവനന്തപുരം രൂപതയുടെ മൂന്നാമത്തെ മെത്രാനായി 1979 ആഗസ്ത് മൂന്നിന് ഡോ. ജേക്കബ് അച്ചാരുപറമ്പലിനെ ഭാഗ്യസ്മരണാർഹനായ വി. ജോൺ പോൾ രണ്ടാമൻ നിയമിച്ചു. മോൺ. മാർ നെറ്റോയുടെ നേതൃത്വത്തിൽ 101 പേര് അടങ്ങുന്ന സംഘടനാ സമിതി മെത്രാഭിഷേകത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വത്തം നൽകി. 1979 ഒക്ടോബർ 7ന് ജപമാല രാജ്ഞിയുടെ തിരുനാൾ ദിനത്തിൽ ഒരിക്കൽ കൂടി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മെത്രാഭിഷേക ചടങ്ങുകൾക്ക് വേദിയായി. കേരളം ലത്തീൻ ഹയരാർക്കിയുടെ തലവനും വരാപ്പുഴ മെത്രാപ്പോലീത്തയുമായിരുന്ന ഡോ. ജോസഫ് കേളന്തറ മുഖ്യ കാർമ്മികനും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ആൻ്റണി പടിയറ, കോട്ടാർ ബിഷപ്പ് ഡോ. മരിയാനുസ് ആരോഗ്യ സ്വാമി എന്നിവർ സഹകാർമിക്കാരുമായിരുന്നു. മെത്രാഭിഷേകാനന്തരം നടന്ന അനുമോദന യോഗത്തിൽ മന്ത്രിമാരായിരുന്ന ബേബി ജോൺ, എം എൽ ജേക്കബ് തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രൂപതയുടെ നാലാമത്തെ മെത്രാനായി 1989 ഡിസംബർ 2 ന് ഡോ. എം സൂസൈ പാക്യം നിയമിതനായി. 1989 ഡിസംബർ 12 ന് വെള്ളയമ്പലം അനിമേഷൻ സെന്ററിൽ വൈദിക-സന്യസ്ത അൽമായ പ്രമുഖരുടെ യോഗം ചേർന്ന് 163 പേർ അടങ്ങിയ മെത്രാഭിഷേക സംഘാടക സമിതി രൂപികരിച്ചു. ഇത്തവണ ശംഖുമുഖം കടൽ പുറത്തേക്ക് മെത്രാഭിഷേക വേദി മാറ്റി. വി. ജോൺ പോൾ രണ്ടാമൻറെ പാദ സ്പർശത്താൽ ധന്യമായ ശംഖുമുഖം കടലോരത്താണ് ചടങ്ങുകൾ നടന്നത്. വരാപ്പുഴ മെത്രാപ്പോലിത്തയായിരുന്ന ഡോ. കൊർണേലിയൂസ് ഇലഞ്ഞിക്കലായിരുന്നു മുഖ്യ കാർമ്മികൻ. ഡോ. ജോസഫ് ഫെർണാണ്ടസ് (കൊല്ലം), ഡോ. ലിയോ ധർമ്മരാജ് (കോട്ടാർ) എന്നീ മെത്രാന്മാർ സഹകാർമ്മികരായിരുന്നു. മെത്രാഭിഷേക ചടങ്ങിനെ തുടർന്ന് നടന്ന പൊതു സമ്മേളനം ബെനഡിക്ട് മാർ ഗ്രിഗോറീയോസ് മെത്രാപ്പോലീത്ത ഉൽഘാടനം ചെയ്തു. ആർ രാമചന്ദ്രനായർ IAS, അബ്ദുൽ ഗാഫർ മൗലവി, പ്രൊഫെസർ കിറ്റി എഡ്വിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
1996 നവംബർ 1 ന് മറ്റൊരു മെത്രാഭിഷേകത്തിനു കൂടി തലസ്ഥാനം സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിൻക്കര രൂപത ജന്മം കൊള്ളുകയും മെത്രാനായി ഡോ. വിൻസെന്റ് സാമുവേൽ നിയമിതനാകുകയും ചെയ്തപ്പോൾ പാങ്ങോട് കാർമ്മൽ ഹിൽ ആശ്രമ ഗ്രൗണ്ടിൽ വച്ചാണ് മെത്രാഭിഷേക കർമ്മങ്ങൾ നടന്നത്.
ഏറ്റവും അവസാനമായി സൂസൈ പാക്യം പിതാവിൻറെ മെത്രാഭിഷേകത്തിൻ്റെ 26 വാർഷിക ദിനത്തിൽ 2016 ഫെബ്രുവരി 2 ന് അതിരൂപതയുടെ സഹായമെത്രാനായി ഡോ ക്രിസ്തുദാസ് രാജപ്പൻ നിയമിതനായി. ൨൦൧൬ ഏപ്രിൽ 3 ന് തീർഥാടന കേന്ദ്രമായ വെട്ടുകാട് ക്രിസ്തുരാജ സന്നിധിയിൽ അഭിവന്ദ്യ സൂസൈ [പാക്യം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിലും ഡോ. വിൻസെന്റ് സാമുവേൽ (നെയ്യാറ്റിൻക്കര) ഡോ. സ്റ്റാലിൻ റോമൻ (കൊല്ലം) എന്നി മെത്രാൻ മാരുടെ സഹകാർമ്മികത്വത്തിലും മെത്രാഭിഷേകം നടന്നു.