യു. എസ്. പ്രതിനിധിസഭയുടെ സ്പീക്കർ നാൻസി പെലോസി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ശനിയാഴ്ച വത്തിക്കാനിൽ ആയിരുന്നു കൂടിക്കാഴ്ച. രാഷ്ട്രത്തലവന്മാരുമായുള്ള മാർപ്പാപ്പയുടെ സാധാരണ കൂടിക്കാഴ്ച എന്നതിൽ ഉപരി ഇരുവരുടെയും ഒത്തുചേരലിനെക്കുറിച്ചു വത്തിക്കാൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാൻസി പെലോസിക്കൊപ്പം ഭർത്താവും ബിസിനസുകാരനുമായ പോൾ പെലോസിയും ഉണ്ടായിരുന്നു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, വിദേശകാര്യ മന്ത്രി ആർച്ച്ബിഷപ് പോൾ ഗല്ലഗർ എന്നിവരുമായും അവർ കൂടിക്കാഴ്ച.
ജി 20 രാജ്യങ്ങളിലെ പാർലമെന്റ് സ്‌പീക്കർമാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിൽ എത്തിയതായിരുന്നു 81കാരിയായ പെലോസി. അമേരിക്കയുടെ ആദ്യത്തെ ഇറ്റാലിയൻ-അമേരിക്കൻ സ്പീക്കർ ആണ് നാൻസി. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായും അവർ കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച വത്തിക്കാനിലെ അമേരിക്കയുടെ പ്രതിനിധി പാട്രിക് കോണൽ പെലോസിയെയും സംഘത്തെയും അനുഗമിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ തലേന്ന് തന്റെ വത്തിക്കാൻ സന്ദർശനത്തിനിടെ പരിസ്ഥിതി, കുടിയേറ്റം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്തിരുന്നു.
സമഗ്ര മാനുഷിക വികാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡികാസ്റ്ററി ഒക്ടോബർ 8 ന് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രസ്തുത സന്ദർശനത്തെക്കുറിച്ച് പോസ്റ്റ് നൽകിയിരുന്നു.
അതേ ദിവസം തന്നെ, ഇൻഡ്യാന സ്വദേശിയായ മുൻ സെനറ്റർ ജോ ഡോണലിയെ വത്തിക്കാനിലെ യുഎസ് അംബാസഡർ പദവിയിലേക്ക് പ്രസിഡന്റ് ജോ ബൈഡൻ നോമിനിയായി പ്രഖ്യാപിച്ചു.
കത്തോലിക്കാ സഭംഗമായ പെലോസി അഞ്ച് കുട്ടികളുടെ അമ്മയാണ്. ഗർഭച്ഛിദ്രത്തിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വന്തം ഭദ്രാസനത്തിന്റെ ആർച്ച്ബിഷപ്പുമായി നിരന്തരം തർക്കങ്ങളും ഉണ്ടായിരുന്നു.