സെപ്റ്റംബർ 19 -ന് കത്തോലിക്കാ സഭ ബിഷപ്പും രക്തസാക്ഷിയും ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിന്റെ മധ്യസ്‌ഥനുമായ വി. ജാനുവാരിയസിന്റെ തിരുനാൾ ആഘോഷിക്കുന്നു. പരമ്പരാഗതമായി, ഈ ദിവസത്തിലും വർഷത്തിൽ മറ്റ് രണ്ട് അവസരങ്ങളിലും, വൃത്താകൃതിയിലുള്ള സ്ഫടികസമാനമായ ക്രൂവെറ്റിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ രക്തം ദ്രവമായി മാറുന്ന സംഭവം നടക്കാറുണ്ട്. ഇറ്റാലിയൻ മാധ്യമമായ ഫാമിഗ്ലിയ ക്രിസ്റ്റിയാനയുടെ രേഖകൾ പ്രകാരം പതിനാലാം നൂറ്റാണ്ടു മുതൽ ഈ അത്ഭുതം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഇത്തരത്തിലെ ആദ്യത്തെ ദ്രവീകരണം നടന്നത് 1389ലാണ്.
എഡി 305ൽ മരണമടഞ്ഞ വി. ജാനുവാരിയസിന്റെ ഖരരൂപത്തിലെ രക്തം നേപ്പിൾസ് കത്തീഡ്രലിലെ സൂക്ഷിപ്പുകളുടെ കൂട്ടത്തിൽ രണ്ട് സ്ഫടിക പാത്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിശ്വാസികളുടെ സമർപ്പണത്തിനും പ്രാർഥനകൾക്കുമുള്ള വിശുദ്ധന്റെ പ്രതികരണമായാണ് ഈ അത്ഭുതം നടക്കുന്നതെന്ന് സഭ വിശ്വസിക്കുന്നു. അത്ഭുതം സംഭവിക്കുമ്പോൾ, പാത്രത്തിന്റെ (ആമ്പ്യൂളിന്റെ) ഒരു വശത്ത് പറ്റിപ്പിടിച്ച ചുവന്ന ഉണങ്ങിയ രക്തത്തിന്റെ പിണ്ഡം പൂർണ്ണമായും ദ്രവരക്തമായി മാറുകയും സ്ഫടികതലം മുഴുവൻ അത് നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.
വിശുദ്ധന്റെ രക്തം പരമ്പരാഗതമായി വർഷത്തിൽ മൂന്ന് തവണ ദ്രവീകരിക്കുന്നു: അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ നേപ്പിൾസിലേക്ക് മാറ്റിയതിന്റെ സ്മരണയാചരിക്കുന്ന മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയ്ക്ക് മുമ്പുള്ള ശനിയാഴ്ചയാണ് പ്രധാനമായും ഈ അത്ഭുതം നടക്കാറുള്ളത്. മറ്റൊന്ന് അദ്ദേഹത്തിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19നും. 1631 -ൽ അടുത്തുള്ള വെസുവിയസ് പർവതം തീതുപ്പിയപ്പോൾ അദ്ദേഹത്തിന്റെ മധ്യസ്‌ഥതയാൽ നേപ്പിൾസ് നഗരം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ വാർഷിക അനുസ്മരണ ദിനത്തിലും (ഡിസംബർ 16) ഈ അത്ഭുതം സംഭവിക്കാറുണ്ട്.
ദ്രവീകരണ പ്രക്രിയ ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കും. ചിലപ്പോൾ അത് സംഭവിച്ചില്ല എന്നുംവരാം. രണ്ട് മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയമെടുത്താണ് ഖരപിണ്ഡം ദ്രവമായി മാറുകയും കുമിളകൾ കാണുകയും ചെയ്യുന്നത്.
ഇരുണ്ട ചുവന്ന ഖര പിണ്ഡം അടങ്ങിയിരിക്കുന്ന ആമ്പ്യൂളുകളിലെ രക്തം ദ്രവമായി മാറുമ്പോൾ പുരോഹിതൻ അത് വിശ്വാസികൾക്ക് നേരെ ഉയർത്തിക്കാണിക്കും. ചിലപ്പോൾ ജനങ്ങൾക്ക് ആശീർവാദവും നൽകും. നേപ്പിൾസിലെ ആർച്ച്ബിഷപ് ആണ് ഈ കർമം നിർവഹിക്കുക.
അത്ഭുതം സംഭവിക്കുന്ന ദിവസങ്ങളിൽ അത്യപൂർവമായ ജനസഞ്ചയം കത്തീഡ്രലിൽ കാണാനാകും. അത്ഭുതം സംഭവിച്ചിരിക്കുന്നു എന്ന് പുരോഹിതൻ പ്രഖ്യാപിക്കുന്ന സമയം വിശ്വാസികൾ തിരുശേഷിപ്പിനെ വണങ്ങുകയും വൈദികന്റെ പക്കൽ വന്നു ആമ്പ്യൂളിനെ ചുംബിക്കുകയും “തെ ദേവും” പാടുകയും ചെയ്യും. ആമ്പ്യൂളുകൾ എട്ടു ദിവസത്തോളം വിശ്വാസികൾക്ക് വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കും. തിരികെ ഖര രൂപമായി മാറുമ്പോൾ വൈദികൻ കത്തീഡ്രലിലെ ട്രഷറിയുടെ ചാപ്പലിലേക്ക് ആമ്പ്യൂളുകൾ മാറ്റുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും.
കട്ടിയുള്ള എന്തെങ്കിലും വസ്തു പെട്ടെന്ന് ദ്രവീകരിക്കപ്പെടുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു ശാസ്ത്രീയ വിശദീകരണം കണ്ടെത്തുന്നതിനായി ആമ്പ്യൂളുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണ നിരീക്ഷണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്, എന്നാൽ ഇതുവരെ ലഭിച്ച ഫലങ്ങൾ ഒന്നും തൃപ്തികരമല്ല.
ദ്രവീകരണം സംഭവിക്കാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. വിശേഷാവസരങ്ങളിൽ രക്തം ദ്രവീകരിക്കാതിരിക്കുമ്പോൾ, അതിനെ നിർഭാഗ്യത്തിന്റെ സൂചനയായി നേപ്പിൾസുകാർ കണക്കാക്കുന്നു. 1939, 1940, 1943, 1973, 1980 എന്നീ വര്ഷങ്ങളിലെ തിരുനാൾ ദിനങ്ങളിലും 2016 ഡിസംബറിലും രക്തം ദ്രവീകരിച്ചില്ല. നേപ്പിൾസ് നഗരപിതാവായി ഒരു കമ്മ്യൂണിസ്റ്റ് മേയർ തിരഞ്ഞെടുക്കപ്പെട്ട വർഷം രക്തം ഖരരൂപത്തിൽ തന്നെ തുടർന്നു. എന്നാൽ ന്യൂയോർക്കിലെ മുൻ ആർച്ച് ബിഷപ്പ് കർദിനാൾ ടെറൻസ് കുക്ക് 1978ൽ ഈ ദേവാലയം സന്ദർശിച്ച സമയത്ത് ആമ്പ്യുളിലെ രക്തം പൊടുന്നനെ ദ്രവമായി മാറി.
2015 -ൽ, ഫ്രാൻസിസ് മാർപാപ്പ നേപ്പിൾസ് സന്ദർശിച്ചപ്പോൾ അവിടത്തെ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും സെമിനാരി വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്യവേ ആമ്പ്യൂൾ കൈയിൽ എടുത്തപ്പോൾ അതിലെ രക്തം ദ്രവമായി മാറി. ഇതിനു മുൻപ് ഒരു പാപ്പയുടെ സാന്നിധ്യത്തിൽ ദ്രവീകരണം സംഭവിച്ചത് 1848ൽ പിയൂസ് ഒൻപതാമൻ കത്തീഡ്രൽ സന്ദർശിച്ചപ്പോഴാണ്. 1979 ഒക്ടോബറിൽ ജോൺ പോൾ രണ്ടാമനും 2007 ഒക്ടോബറിൽ ബെനഡിക്ട് പതിനാറാമനും അവിടം സന്ദർശിച്ചിരുന്നു. എന്നാൽ അവരുടെ സാന്നിധ്യത്തിൽ ദ്രവീകരണം നടന്നില്ല.