മതബോധനം ഒരു മഹത്തായ ദൗത്യം ആണെന്നും, യേശുക്രിസ്തുവിന്റെ മുഖം മതബോധന അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുക്കുകയാണ് കടമയെന്നും, ഈശോ നമ്മുക്ക് മാത്യകയായി ജീവിച്ച ത്യാഗവും സ്നേഹവും പ്രതിഫലിപ്പിക്കുവാനുള്ള പ്രചോദനം വിദ്യാർത്ഥികൾക്ക് നൽകുക എന്നതാണ് മതബോധന അധ്യാപകർ ചെയ്യേണ്ടതെന്നും, ഡിസംബർ 19 തിയതി ശനിയാഴ്ച വെള്ളായമ്പലം പാരീഷ് ഹാളിൽ വച്ച് മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ അധ്യാപകരെ ആദരിക്കുന്ന
ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത അഭിപ്രായപ്പെടുകയുണ്ടായി. മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, കോവളം, പുല്ലുവിള, തൂത്തൂർ തുടങ്ങിയ ഫെറോനകളിലെ അദ്ധ്യാപകപകർക്ക് മെമെന്റോയും 2021 ബൈബിൾ ഡയറിയും വിദ്യാർത്ഥികൾക്കായി നടത്തിയ “ഉണ്ണീശോക്ക് ഒരു കത്ത്” , ഈശോയുടെ വംശാവലി ആസ്പദമാക്കി “ജെസ്സിയുടെ ട്രീ” നടത്തിയ രചനാ മൽസരങ്ങളിലെ വിജയികൾക്കും അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത അവാർഡുകൾ നൽകി. "ക്രിസ്തുമസ് എന്ന് പറയുന്നത് പുൽക്കൂട്ടിൽ ജനിച്ച ഉണ്ണീശോയെ ചൂണ്ടി കാണിച്ചു കൊടുക്കലല്ല. എന്നാൽ അതിലുപരി ജിവിതത്തിൽ ഉടനീളം ഉണ്ണീശോയെ കൂടെ കൊണ്ടു നടക്കാൻ ചൂണ്ടി കാണിക്കുവാൻ സഹായിക്കുന്നവരായിരിക്കണം മതബോധന അദ്ധ്യാപകർ. സകല ജനത്തിനും വേണ്ടി ജനിച്ച ഈശോയെയാണ് കാണിച്ചു കൊടുക്കേണ്ടത്. അല്ലാതെ പുൽക്കൂട്ടിലെ പ്രതീകത്തെയല്ല. യേശുവിന്റെ എളിമ, സഹനം, സ്നേഹം, സമാധാനം ഇവ കുഞ്ഞുമക്കളിൽ വളർത്തി അവരെ ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റുകയെന്ന വലിയ ഉത്തരവാദിത്തമാണ് മതബോധന അദ്ധ്യാപകരിൽ നിക്ഷിപ്‌തമായിരിക്കുന്നതെന്ന് ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ അനുമോദന സന്ദേശം നൽകികൊണ്ട് അഭിവന്ദ്യ ക്രിസ്തുദാസ് സഹായ മെത്രാൻ സൂചിപ്പിക്കുകയുണ്ടായി. കഴക്കൂട്ടം, പേട്ട, പാളയം, വലിയതുറ തുടങ്ങിയ ഫെറോനകളിൽ നിന്നും മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ അധ്യാപകർക്ക് മെമെന്റോയും 2021 ബൈബിൾ ഡയറിയും അഭിവന്ദ്യ ക്രിസ്തുദാസ് സഹായ മെത്രാൻ നൽകി. 2020 ലെ പ്രവർത്തന റിപ്പോർട്ട് അതിരൂപത സെക്രട്ടറി ശ്രീ.ഇഗ്‌നേഷ്യസ് ലയോള അവതരിപ്പിച്ചു. അജപാലന ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ബഹുമാനപ്പെട്ട പ്രബൽ അച്ചൻ ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. അജപാലന ശുശ്രൂഷ ഡയറക്ടർ ബഹുമാനപ്പെട്ട ഡാർവിൻ പീറ്റർ അച്ചൻ സ്വാഗതവും അതിരൂപത എക്സിക്യൂട്ടീവ് അംഗം ശ്രീമതി സുശീല ലോപ്പസ് നന്ദിയും രേഖപ്പെടുത്തി.