ബ്യൂണസ് അയേഴ്സിലും, നേപിള്‍സിലും, ഭൂമിയിലാകെയും ഫുട്ബോൾ ഉള്ളിടത്തോളം കാലം അയാള്‍ നിറഞ്ഞ് നില്‍ക്കും. ലോക ഫുട്ബോൾ ഇതിഹാസം ഡീയഗൊ മറഡോണക്ക് ആദരം അർപ്പിച്ചുകൊണ്ട് ലിഫ തിരൂവനന്തപുരവും വി. എഫ്. എ വലിയതുറയും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വലിയതുറ വി. എഫ്. എ ഗ്രൌണ്ടിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന പ്രദർശന മത്സരത്തിൽ പങ്കെടുത്ത ഇരു ടീമുകളുടേയും താരങ്ങൾ മറഡോണയോടുള്ള ആരാധനയുടേയും ആദരവിന്റെ ഭാഗമായി മുഴുവൻ താരങ്ങളും അർജന്റീനയുടെ മറഡോണയെന്നെഴുതിയ 10 നമ്പർ വിഖ്യാത ജഴ്സിയിൽ മുൻഭാഗത്തായി മറഡോണയുടെ മുഖം പതിപ്പിച്ചാണ് മത്സരത്തിന് അണിനിരന്നത്.
നൂറുകണക്കിന് ഫുട്ബോൾ ആരാധകരേയും, മറഡോണ ആരാധകരേയും സാക്ഷിയാക്കി നടന്ന വാശിയേറിയ മൽസരത്തിൽ ലിഫ തിരുവനന്തപുരം ഏകപക്ഷീയമായ ഒരു ഗോളിനു വിജയികളായി. കഴിഞ്ഞ വർഷം ഇൻഡോനേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ ഗെയിംസിൽ ഇന്ത്യക്കായി കളിച്ച ഷിക്കു സുനിലാണ് വിജയഗോൾ നേടിയത്.
ഫുട്ബോൾ താരങ്ങൾ ഏറെയൂള്ള വലിയതുറയിലും തീരദേശത്തും അധികവും മറഡോണ അർജന്റീന ആരാധകരാണുള്ളത്. ഫുട്ബോളിനെ മതമായും മറഡോണയെ ദൈവമായും കാണുന്നതായി താരങ്ങളിലെ പലരും അഭിപ്രായപ്പെട്ടു. വളരെ വൈകാരികമായ അനുശോചന പരിപാടികളോടുകൂടി ആരംഭിച്ച ” ട്രിബ്യൂട്ട് ടു മറഡോണ” എന്ന സമ്മേളനത്തിൽ ലിഫ അസിസ്റ്റൻറ് ഡയറക്ടർ ഫാ. റോഷൻ റിച്ചാർഡ്, സെക്രട്ടറി ജൂഡ് ആന്റണി, വി. എഫ്. എ. പ്രസിഡന്റ് എച്ച്. അലോഷ്യസ്, വൈസ് പ്രസിഡന്റ് സ്റ്റെറൻ ഫെൽസ്, മുൻ പ്രസിഡന്റ് അഗസ്റ്റിൻ പുത്രനും, വി . എഫ്. എ. പരിശീലകരായ അനിൽ ആന്റണി, ടോമി സേവ്യർ, ജറിൻ ജറാൾഡ്, ലിഫ ടെക്നിക്കൽ ഡയറക്ടർ ക്ളെയോഫസ് അലക്സ് എന്നിവർ പ്രസംഗിച്ചു.
ഈ ഒരു ആഴ്ച മുഴുവൻ ലോക ഇതിഹാസ ഫുഡ്ബോൾ താരം ഡീയഗൊ മറഡോണയോടുള്ള ആദരസൂചകമായി തീരദേശത്തുടനീളമുള്ള ക്ളബുകളുമായി ലിഫയുടെ നേതൃത്വത്തിൽ സൌഹൃദമത്സരത്തോടൊപ്പം മറഡോണ അനുസ്മരണ വാരാചരണം സംഘടിപ്പിക്കുന്നതായി ലിഫ ടെക്നിക്കൽ ഡയറക്ടർ ക്ളെയോഫസ് അലക്സ്, സെക്രട്ടറി ജൂഡ് അന്റണി എന്നിവർ പറഞ്ഞു.