മരിച്ചവരെ ബഹുമാനിക്കാനുള്ള ആശ്വാസകരമായ മാർഗമാണ് അവരുടെ വേര്പാടിന്റെ വാർഷികാഘോഷം. മരണമടഞ്ഞ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ വേണ്ടി എല്ലാ വർഷവും ഒരു കുർബാന അർപ്പിക്കുന്നത് പരേതരുടെ വേർപാടിൽ ഇപ്പോഴും ദുഃഖിക്കുന്നവർക്ക് ആശ്വാസകരമാണ്.
മരണപ്പെട്ട ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ ശവകുടീരം സന്ദർശിക്കുന്നതിനു പുറമെ, ആ വ്യക്തിയുടെ സ്മരണയ്ക്കായി ഒരു ബലിയർപ്പണം നടത്തുന്നത് അവരെ ബഹുമാനിക്കുന്നതിനുള്ള ഒരു ആശ്വാസകരമായ മാർഗമാണ്. അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾ വിലപ്പെട്ടതാണെന്നും അവർക്കായി നാം നടത്തുന്ന വിശുദ്ധ ബലിയർപ്പണം ശുദ്ധീകരണസ്ഥലത്തുള്ള ഒരാളിൽ സ്വാധീനം ചെലുത്താമെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
ഒരു പുരോഹിതൻ ഓരോ ദിവസവും ബലിയർപ്പിക്കുമ്പോൾ, ഒരു പ്രത്യേക വ്യക്തിക്കുവേണ്ടിയോ അല്ലെങ്കിൽ നിയോഗത്തിനായോ ആയിരിക്കും അർപ്പിക്കപ്പെടുക. അങ്ങനെ ചെയ്യുന്നതിലൂടെ അദ്ദേഹം ആ വ്യക്തിക്ക്, അല്ലെങ്കിൽ ഉദ്ദേശ്യത്തിനായി ദൈവത്തിൽ നിന്നുള്ള പ്രത്യേക കൃപകൾ ആവശ്യപ്പെടുന്നു.
ഇത് വളരെ പുരാതനമായ ഒരു പാരമ്പര്യമാണ്. വി. അഗസ്റ്റിന്റെ Confessions (സി. 397) ഈ അർപ്പണത്തെക്കുറിച്ച് വളരെ വിശദമായി വിവരിക്കുന്നു. അവിടെ അമ്മയായ വി. മോണിക്ക അഗസ്റ്റിനോട് പറയുന്നത്, “ഒരു കാര്യം മാത്രമാണ് ഞാൻ നിന്നോട് ചോദിക്കുന്നത്, നീ എന്നെ നിന്റെ കർത്താവിന്റെ ബലിപീഠത്തിൽ ഓർക്കുക.”
രണ്ടാം നൂറ്റാണ്ടിലെ റോമൻ കാറ്റകോമ്പുകളിലെ ശവകുടീരങ്ങളിൽ കണ്ടെത്തിയ ലിഖിതങ്ങൾ ഇത്തരത്തിലുള്ള രീതിക്ക് തെളിവ് നൽകുന്നു.
കുർബാനയിലെ നമ്മുടെ വ്യക്തിപരമായ നിയോഗമായി അവരെ സമർപ്പിക്കാം. എന്നാൽ, അതോടൊപ്പം നമ്മുടെ പ്രാദേശിക ഇടവകകളുമായോ പുരോഹിതരുമായോ ബന്ധപ്പെട്ട് പ്രിയപ്പെട്ട ഒരാളുടെ വേർപാടിന്റെ വാർഷികത്തിൽ ഒരു കുർബാന ചൊല്ലാൻ അഭ്യർത്ഥിക്കുന്നതിലൂടെയും നമുക്ക് ഈ നന്മ ചെയ്യാൻ കഴിയും.
എല്ലാ വർഷവും ഒരേ തീയതിയിൽ ഇങ്ങനെ ബലിയർപ്പിക്കാൻ സാധിച്ചുവെന്നു വരില്ല.കാരണം ഇടവകയിൽ സമാനമായ വാർഷികങ്ങൾ ഉള്ള പരേതർ ഉണ്ടാകും. എന്നിരുന്നാലും, നമ്മുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഓർമ്മയ്ക്കായി അവരെ ബഹുമാനിക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാൻ കഴിയും, അവർക്കുവേണ്ടിയുള്ള ഏറ്റവും ശക്തമായ പ്രാർത്ഥനയായ കുർബാനയ്ക്കൊപ്പം തന്നെ.
ആ വാർഷികത്തിൽ നാം എന്തുതന്നെ ചെയ്താലും, നിത്യജീവിതത്തിൽ വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്ന ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കാനും, അവരോട് ആത്മീയമായി നമ്മെത്തന്നെ സ്വയം ബന്ധിപ്പിക്കാനും നാം മറക്കരുത്.
പ്രേം ബൊനവഞ്ചർ