പ്രേം ബൊനവഞ്ചർ
വർധിച്ചുവരുന്ന കൊറോണ രോഗവ്യാപനം കണക്കിലെടുത്ത് വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരിധിക്കുള്ളിൽ വ്യക്തികൾക്കും വൈദികർക്കും മുഖംമൂടി നിർബന്ധമാക്കി ചൊവ്വാഴ്ച വത്തിക്കാൻ ഉദ്യോഗസ്ഥർക്ക് പൊതുനിർദേശം പുറപ്പെടുവിച്ചു.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലെ സെക്രട്ടറി ജനറലായ ബിഷപ്പ് ഫെർണാണ്ടോ വർഗേസ് അൽസാഗ ഒക്ടോബർ 6 ന് വത്തിക്കാൻ വകുപ്പ് മേധാവികൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. തുറസ്സായ സ്‌ഥലങ്ങളിലും വായുഅകലം ഉറപ്പുനൽകാൻ കഴിയാത്ത എല്ലാ ജോലിസ്ഥലങ്ങളിലും ഉദ്യോഗസ്‌ഥരും വ്യക്തികളും മാസ്‌ക്കുകൾ ധരിക്കുന്നത് നിര്ബന്ധമാക്കണമെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
പുതിയ നിയമങ്ങൾ വത്തിക്കാൻ സിറ്റിക്കുപുറത്ത് സ്ഥിതിചെയ്യുന്ന റോമിനുള്ളിലെ പ്രവിശ്യാസംബന്ധമായ വസ്തുവകകൾക്കും അവിടെ പ്രവർത്തിക്കുന്നവർക്കും ബാധകമാണെന്ന് വോർഗെസ് കൂട്ടിച്ചേർത്തു. വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള മറ്റെല്ലാ നടപടികളും പാലിക്കണമെന്ന് അദ്ദേഹം ശക്തമായി ശുപാർശ ചെയ്തു. റോം ഉൾപ്പെടുന്ന ലാസിയോ മേഖലയിൽ പുതിയ ഓർഡിനൻസ് അവതരിപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഒക്ടോബർ 3 മുതൽ മുഖംമൂടികൾ നിർബന്ധിതമാക്കുന്നതിനൊപ്പം, ലംഘിക്കുന്നവർക്ക് 500 ഡോളർ വരെ പിഴ ഈടാക്കുവാനും നിർദേശിച്ചിട്ടുണ്ട്. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, വൈകല്യമുള്ളവർ, വ്യായാമത്തിൽ ഏർപ്പെടുന്നവർ എന്നിവരൊഴികെ മറ്റുള്ളവർക്ക് നിയമം ബാധകമാണ്.
ഒക്ടോബർ 5 വരെയുള്ള കണക്കുകൾ പ്രകാരം, ലാസിയോയിൽ 8,142 പേർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി – ഇറ്റലിയിലെ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ഐസിയു രോഗികളുള്ളത് ലാസിയോയിലാണ്. ഉദ്യമം ഫലംകണ്ടുതുടങ്ങിയാൽ ഒക്ടോബർ 7 മുതൽ ഇറ്റലിയിലുടനീളം തീരുമാനം വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സെപ്റ്റംബർ 9 ന് പൊതുകൂടിക്കാഴ്ചയ്‌ക്കായി എത്തിയ ഫ്രാൻസിസ് മാർപാപ്പ മുഖംമൂടി ധരിച്ചിരുന്നെങ്കിലും കാറിൽ നിന്നിറങ്ങിയ ഉടനെ മുഖംമൂടി അഴിച്ചുമാറ്റി. എന്നാൽ മറ്റ് ഉന്നത പദവികൾ അലങ്കരിക്കുന്ന കർദിനാൾ പിയട്രോ പരോളിൻ, കർദിനാൾ പീറ്റർ ടർക്സൺ എന്നിവർ പതിവായി മാസ്ക് ധരിക്കുന്നതായുള്ള ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഒക്ടോബർ 4 ഞായറാഴ്ച, തെക്കൻ ഇറ്റലിയിലെ കാസെർട്ടയിലെ മെത്രാനായ ജിയോവന്നി ഡി അലൈസ് കോവിഡ് ബാധിച്ചു മരിച്ചു. ലോകമെമ്പാടും ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ട കൊറോണ വൈറസ് ബാധ കാരണം 13 മെത്രാന്മാർ മരിച്ചതായി കരുതപ്പെടുന്നു. ഫിലിപ്പീൻസ് ബിഷപ്പ് കോൺഫറൻസിന്റെ മുൻ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഓസ്കാർ ക്രൂസ്, ബ്രസീലിലെ ബിഷപ്പ് ഹെൻറിക് സോറസ് ഡികോസ്റ്റ, ഇംഗ്ലണ്ടിലെ ബിഷപ്പ് വിൻസെന്റ് മലോൺ എന്നിവർ ആ പട്ടികയിൽ ഉൾപ്പെടുന്നു.