-വത്തിക്കാന്‍ ന്യൂസ്
ഒക്ടോബര്‍ 3-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍വച്ച് പുതിയ ചാക്രികലേഖനം പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച് പ്രകാശനംചെയ്യും. “സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്…” എന്ന് ഉപശീര്‍ഷകം ചെയ്തിരിക്കുന്ന ഈ പ്രമാണരേഖ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയിലാണ് പ്രകാശനംചെയ്യുന്നത്. ഓരോ ദൈവസൃഷ്ടിയിലും സാഹോദര്യം ദര്‍ശിക്കുകയും അതിനെ കാലാതീതമായ ഒരു ഗാനമാക്കി മാറ്റുകയും ചെയ്ത വിശുദ്ധ ഫ്രാന്‍സിസിന്‍റെ സ്മൃതിമണ്ഡപത്തില്‍വച്ചാണ് ഭൂമിയിലെ സഹോദരബന്ധത്തിന്‍റെ പുതിയ പ്രമാണം പാപ്പാ ഫ്രാന്‍സിസ് ലോകത്തിനു സമര്‍പ്പിക്കുവാന്‍ പോകുന്നത്.
“വിശ്വാസത്തിന്‍റെ വെളിച്ചം” Lumen Fidei, വിശുദ്ധന്‍റെ “സൃഷ്ടിയുടെ ഗീതം” തലക്കെട്ടില്‍പ്പോലും പ്രതിഫലിക്കുന്ന “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” Laudato Si’ തുടങ്ങിയ ചാക്രികലേഖനങ്ങള്‍ക്കുശേഷം, “എല്ലാവരും സഹോദരങ്ങളാണ്” (Omnes Fratres) എന്ന മൂന്നാമത്തേതിന് പാപ്പാ കൈയ്യൊപ്പു ചാര്‍ത്തുന്നത് പാവങ്ങളുടെ വിശുദ്ധന്‍റെ നഗരത്തില്‍വച്ചാണ്. അത് സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ചാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.