പൂവാർ പള്ളി വികാരി ഫാദർ ഷാബിൻ ലീന്റെ നേതൃത്വത്തിലുള്ള 82 ഓളം പേരടങ്ങുന്ന സന്നദ്ധസംഘടനയുടെ പ്രവർത്തനങ്ങൾ കോവിഡ് പ്രതിരോധത്തിന് തീരദേശത്തിനാകെ മാതൃകയാകുന്നു. തിരുവനന്തപുരത്തെ പൂവാർ ഇടവക വികാരിയുടെ നേതൃത്വത്തിലാണ് സെന്റ് ബർത്തലോമിയോ സന്നദ്ധ സംഘടന സർക്കാരിൻറെ പ്രതിരോധത്തിനു പൂർണപിന്തുണയുമായി പ്രവർത്തിക്കുന്നത്.
ബീച്ചിലെ കൂട്ടം കൂടിയിരുന്നുള്ള ചീട്ടുകളി, പന്തുകളി, സായാഹ്‌ന കൂട്ടങ്ങൾ ഒഴിവാക്കാൻ ‘ബീച്ച് ഒഴിപ്പിക്കൽ ചലഞ്ച്’ പോലുള്ള നവ ആശയങ്ങളും സംഘടനയുടെ നേതൃത്വത്തിൽ പ്രാവർത്തികമാക്കുന്നു. പൂവാറിനു സമീപത്തുള്ള കരുംകുളം ഗ്രാമ പഞ്ചായത്തിൽ കോവിഡ് തീവ്രതയോടെ നിലനിൽക്കുമ്പോഴും ഇവിടെ ശക്തമായ പ്രതിരോധമാണ് സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നത്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് തടയുന്നത് മുതൽ ടെസ്റ്റ് നടത്താനെത്തുന്ന ആരോഗ്യ പ്രവർത്തകർക്കും ക്വറന്റീനിൽ ഇരിക്കുന്നവർക്ക് വേണ്ടിയുള്ള അത്യാവശ്യ സഹായങ്ങൾ വീട്ടിൽ എത്തിക്കുന്നതു വരെയുള്ള കാര്യങ്ങൾക്ക് 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്. സഹായത്തിനായി ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയക്കുകയോ ചെയ്താൽ മതിയാകും. സേവനവുമായി വീട്ടു പടിക്കൽ ഇവരെത്തും.
പഞ്ചായത്തിൻറെ സഹകരണത്തോടെ പൂവാർ ഏഞ്ചൽസ് സ്കൂൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആക്കുവാനുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇപ്പോൾ ടീമിൻറെ മുഖ്യ ദൗത്യം.