ഇന്നു നാം കാണുന്ന നമ്മുടെ രാജ്യത്തിന്‍റെയും, സംസ്ഥാനത്തിന്‍റെയും വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും പ്രധാന പങ്കുവഹിച്ചത് പ്രവാസ ലോകത്ത് ജീവിതം നയിച്ചവരുടെ, നയിക്കുന്നവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗമാണ്. സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കാൻ പഠിപ്പിച്ചത് പ്രവാസ ജീവിതങ്ങളാണ്. നമ്മുടെ എത്രയെത്ര സഹോദരങ്ങളും മാതാപിതാക്കളും സുഹൃത്തുക്കളുമാണ് ദൂരെയെവിടെയോ മറ്റൊരു നാട്ടില്‍ പ്രവാസികളായി കഴിയുന്നത്. കുടുംബത്തിന്റെ നിലനിൽപ്പിനുവേണ്ടി, പട്ടിണി മാറ്റുവാൻ വേണ്ടി ഇഷ്ടമില്ലാതിരുന്നിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി എത്രയോ പേരാണ് പ്രവാസികളായി ഇന്നും തുടരുന്നത്.
പക്ഷേ അവരുടെ മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും അധികമാരും അറിയാറില്ല. അത് അറിയിക്കാൻ ശ്രമിക്കാറില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.
ഒരു മാസത്തെ ശമ്പളം അയയ്ക്കാൻ വൈകിയാൽ തന്നെ കുടുംബങ്ങളിൽ മുറുമുറുപ്പും കുറ്റം പറച്ചിലും ഒക്കെ ആരംഭിച്ചിരിക്കും. പ്രവാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി അല്പം കൂടുതൽ കാശ് ചെലവാക്കുകയാണ് എങ്കിൽ, എന്താണ് ഇത്ര വലിയ ആവശ്യം? എന്തിനു വേണ്ടി ചെലവാക്കി? അതിന്റെ ആവശ്യം ഇപ്പോൾ ഉണ്ടോ? നാട്ടിലെ അവസ്ഥ, കുടുംബത്തിലെ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് നിങ്ങൾക്ക് അറിയണ്ടല്ലോ? തുടങ്ങീ ചോദ്യങ്ങളുടെ ഒരു നിര തന്നെ ഉണ്ടാവും.
എല്ലാവർക്കും ആവശ്യം അവരുടെ കയ്യിലെ പണമാണ്. ഏകാന്തമായ ദിവസങ്ങള്‍ക്കിടക്കിടയ്ക്ക് ഒരു ചെറിയൊരു ആശ്വാസത്തിന് വേണ്ടിയായിരിക്കും ഫോൺ വിളിക്കുന്നത് തന്നെ. അപ്പോഴൊക്കെ ഇങ്ങേത്തലയ്ക്കൽ നിന്നും അദൃശ്യമായ സാന്നിധ്യവും ആശ്വാസവും സന്തോഷവുമല്ല, പ്രവാസികള്‍ കേള്‍ക്കുക, വീട്ടിലെ പ്രാരാബ്ധങ്ങളെകുറിച്ചും പ്രശ്നങ്ങളെക്കുറിച്ചുമാണ്. അത് അവരുടെ ഉള്ള സന്തോഷത്തെയും കൂടി തല്ലി കെടുത്തുന്നു എന്നതാണ് സത്യം.
ആദ്യകാല പ്രവാസികളുടെ ജീവിതകഥ പറഞ്ഞ പത്തേമാരി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നാരായണനെന്ന കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്. ” സത്യത്തിൽ നാട്ടിലുള്ളവർക്കറിയില്ല ഇവിടത്തെ ജീവിതവും ജീവിതസാഹചര്യങ്ങളും. ചില മാസങ്ങളിൽ 10,000 രൂപ കിട്ടുമ്പോഴും അതിനോടൊപ്പം 5000 രൂപ കടമെടുത്താണ് അയക്കുന്നതെന്ന് അവർക്കറിയില്ല. അവരുടെ കാഴ്ച്ചപ്പാടിൽ പ്രവാസികളെല്ലാം സന്തോഷത്തോടെ സുഭിക്ഷമായി വിലസി കഴിയുന്നു”. ഈ കഥാപാത്രം പറഞ്ഞുവയ്ക്കുന്നത് എത്രയോ ശെരിയാണ്. വർഷങ്ങളോളം കാണാതിരുന്ന ഉറ്റവരെയും ഉടയവരെയും കാണാൻ കൊതിച്ച് നാട്ടിലേക്ക് തിരിക്കാൻ തയ്യാറാകുമ്പോൾ ആവശ്യ സാധനങ്ങളുടെ ഒരു ലിസ്റ്റ് തന്നെയുണ്ടാകും എല്ലാവർക്കും പറയാൻ. പണത്തിനും പെട്ടിയിലെ സാധനങ്ങള്‍ക്കും നമുക്കവരെ ആവശ്യമായിരുന്നു.
എന്നാൽ കൊറോണ വ്യാധി ഈ ലോകത്തെ കീഴടക്കിക്കൊണ്ട് താണ്ഡവമാടുമ്പോൾ രാജ്യങ്ങളുടെ സാമ്പത്തിക മേഖല തകര്‍ന്നടിയുമ്പോള്‍, അനേകം പ്രവാസി ജീവിതങ്ങളും കീഴ്മേ മറിഞ്ഞിട്ടുണ്ട്.. തൊഴിൽ നഷ്ടപ്പെട്ട് മാസങ്ങളോളം അടച്ചിട്ട മുറികളിൽ കഴിയുന്ന നിരവധി പേര്‍, കമ്പനികളിലാണെങ്കിൽ അത്യാവശ്യമില്ലാത്ത ജോലിക്കാരെ പിരിച്ചുവിടുന്ന അവസ്ഥ, കിട്ടുന്ന ശമ്പളം പോലും പകുതിയായി വെട്ടിക്കുറച്ചിരിക്കുന്നു. എങ്കിലും ഒരിക്കലും കുറയാതെ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന മുറി വാടക. ഭക്ഷണമില്ലാത്ത എത്രയോ ദിനരാത്രങ്ങൾ അവർക്കു മുന്നിലൂടെ കടന്നുപോയി. തൊട്ടടുത്ത മുറിയിലും, കിടക്കകളിലുമുള്ളവരെ മഹാമാരി ആക്രമിക്കുമ്പോൾ, അത് നേരിൽ കാണുമ്പോഴുള്ള നിസ്സഹായാവസ്ഥയിലൂടെ കടന്നുപോയ നിമിഷങ്ങൾ. ചികിത്സിക്കാൻ പണമില്ല. ആശുപത്രികളില്‍ ചികിത്സയുമില്ല. ഈയൊരൊറ്റ കാരണത്താൽ തന്നെ എത്രയെത്ര പ്രവാസജീവിതങ്ങളാണ് അന്യദേശത്തു വച്ചുതന്നെ നാടുകാണാതെ പൊലിഞ്ഞു പോയത്. എത്രയെത്ര കുടുംബങ്ങളാണ് അനാഥമായത്?
മാസങ്ങളോളം തൊഴിൽ നഷ്ടപ്പെട്ടു ഭക്ഷണത്തിന് വകയില്ലാതെയിരുന്ന അവർ നമ്മുടെ സർക്കാരുകളെ നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും സ്വന്തം നാടും, സ്വന്തം ഭൂമിയും കാണാന്‍ ഒരുപാടു കാത്തിരിക്കേണ്ടിവന്നു. കടമ്പകളനവധി കടക്കേണ്ടിവന്നു.ഒടുവില്‍ കയ്യിൽ പൈസ ഇല്ലാതിരുന്ന അവർ കടമെടുത്തും സുമന്സ്സുകളുടെ സഹായത്താലുമാണ് തങ്ങള്‍ക്കര്‍ഹതപ്പെട്ട നാട്ടിലേക്ക് തിരികെ വന്നത്. ലാൽജോസിന്റെ അറബിക്കഥ എന്ന സിനിമയിലെ ഗാനം പോലെ…
” തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ അണയുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും”.
അത്രയേറെ നാടിനെ സ്നേഹിക്കുന്ന, നാട്ടിലേക്ക് വരുവാൻ കൊതിക്കുന്ന പ്രവാസിയുടെ മനസ്സ് ഈ ഗാനത്തിലുണ്ട്. പക്ഷേ ഇപ്രാവശ്യമുള്ള പ്രവാസികളുടെ വരവിന് പണ്ടത്തെ പ്രൗഢിയൊന്നുമില്ല. പ്രവാസ ജീവിതത്തോട് യാത്ര പറഞ്ഞു നാട്ടിലെത്തിയാൽ അവിടെയും കിടക്കണം 14 ദിവസം സർക്കാർ ക്വാറന്‍റൈനിൽ. അതിനുശേഷം വീട്ടിലും ഒരു 14 ദിവസം. അങ്ങനെ ഒറ്റപ്പെടുത്തേണ്ട, മാറ്റി സൂക്ഷിക്കേണ്ട ഒരാളായി എന്നതാണ് അവരുടെ ഇന്നത്തെ പ്രവാസ ജീവിതത്തിന്‍റെ ബാക്കിപത്രം. ഹോം ക്വാറന്‍റൈനിന്‍റെ ഭാഗമായി വീട്ടിലേക്ക് വരുന്ന പ്രവാസികളോട് ഇന്നത്തെ സാഹചര്യത്തിൽ ബന്ധുക്കളും സ്വന്തക്കാരും സൗഹൃത്തുക്കളും നാട്ടുകാരും കാണിക്കുന്ന വിവേചനം അസഹനീയമാണ്. ഏതോ ഒരു ശത്രുവിനെപോലെയും ശത്രു രാജ്യത്തുനിന്നും വന്നവനെപ്പോലെയുമാണ് ഈ പ്രവാസികളെ നോക്കിക്കാണുന്നത്.
ചുരുക്കം ചില ഇടത്ത് എല്ലാവരും സ്നേഹാദരങ്ങളോടെ പ്രവാസികളെ സ്വീകരിക്കുന്നതും പരിചരിക്കുന്നതും മാധ്യമങ്ങളിലൂടെ നാം കാണ്ടതാണ്. എന്നാലും ഒട്ടു മിക്കയിടങ്ങളിലും പിറന്നുവീണ നാട്ടിൽ പോലും കാലു വയ്ക്കാൻ സമ്മതിക്കാതെ ആക്രോശങ്ങളും തെറിവിളികളുമായി നാട്ടുകാരും, ഒന്നു തിരിഞ്ഞു നോക്കാതെയും സുഖവിവരങ്ങൾ അന്വേഷിക്കാതെയും കുറ്റം വിധിക്കുകയും ചെയ്യുന്ന കൂട്ടുകാരും, സ്വന്തം ഭവനത്തിൽ പോലും കയറ്റാതെ പുറത്താക്കുകയും ഒരു അന്യനെപ്പോലെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന സ്വന്തക്കാരും ബന്ധുക്കാരും കുടുംബവുമായിരുന്നു പ്രവാസികളുടെ എക സമ്പാദ്യമായി മാറിയത്. ഇതാണോ നാം പ്രവാസികള്‍ക്ക് നല്‍കുന്ന അംഗീകാരം?
ക്യാമ്പിലെ അടച്ചിട്ട മുറികളിൽ കഴിഞ്ഞ നാളുകളിൽ കണ്ണുനീരോടെ എത്രയോ തവണയായിരിക്കും അവർ പ്രാർത്ഥിച്ചിട്ടുണ്ടാവുക ഈ രോഗങ്ങളിൽ നിന്നും ഒന്നു രക്ഷ നേടുവാനായി നാട്ടിലേക്ക് ഒന്ന് തിരിച്ചു പോകുവാനായി. ഈയൊരു ഈ സാഹചര്യത്തിൽ നാട്ടിലെത്തിയാൽ എല്ലാവരും സ്നേഹത്തോടെ സ്വീകരിക്കുമെന്നും കരുതലോടെ ശുശ്രൂഷയ്ക്കുമെന്നും എല്ലാവരും തങ്ങളെ മനസ്സിലാക്കുമെന്നും അവർ ചിന്തിച്ചിട്ടുണ്ടാവില്ലേ? തങ്ങൾക്ക് വേണ്ടി പ്രാർത്ഥനയോടെ അവർ കാത്തിരിക്കുന്നുണ്ടെന്നും അവർ വിശ്വസിച്ചിട്ട് ഉണ്ടാവില്ലേ? എന്നാൽ നാടാണ് സുരക്ഷ വീടാണ് അഭയം എന്ന് കരുതിയെത്തിയവരെ രോഗം കൊണ്ടുവരുന്ന ഭീകരരെ പോലെയാണ് നാമും കണ്ടത്. സ്നേഹത്തോടെ ഒരു വാക്കെങ്കിലും പറയാൻ ആരുമില്ല. അവരുടെ മനസ്സിന്റെ വിങ്ങൽ ആരും കാണുന്നില്ല അറിയുന്നില്ല. വെറുംകയ്യോടെയല്ലേ അവരുടെ ഇപ്രാവശ്യത്തെ വരവ് തന്നെ. തൊഴിൽ എല്ലാം നഷ്ടപ്പെട്ടു കാല്‍ക്കാശു കൈയ്യിലില്ലാതെ എത്തിയ അവരെ നാമിനിയും കൈവെടിയരുത്.
ഒരു സമയത്ത് എല്ലാം ഉണ്ടായിരുന്നു. അപ്പോൾ എല്ലാവരും കൂടെയുണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല ഒപ്പം ആരുമില്ല. വീട്ടുകാർക്ക് വിദേശത്ത് ജോലി ചെയ്യുന്നു എന്നുള്ള അന്തസ്സും വരുമാനവും വേണം, ഒപ്പം അവരുടെ ആവശ്യങ്ങളും ഇവരിലൂടെ നിറവേറ്റപ്പെടണം. ഒരുമിച്ച് തോളത്തു കയ്യിട്ടു നടന്ന കൂട്ടുകാർക്ക് ആവശ്യം അവന്റെ കയ്യിലെ പണമാണ്. കണ്ടുവളർന്ന എന്നും കാണുന്ന നാട്ടുകാർക്ക് ആവശ്യം ഇവരുടെ സമയവും സഹായങ്ങളും. എന്നാൽ ഇപ്പോൾ ഇവരുടെ കയ്യിൽ ഒന്നുമില്ല. അതുകൊണ്ട് ഇവർ ഇന്ന് അന്യരായ് ശല്യക്കാരായി തീർന്നു. ഒപ്പം കൊറോണ കൊണ്ടുവന്നവരല്ലേ എന്ന ചീത്തപ്പേരും ശത്രുതയും.
ഈ കൊറോണ കാലം എല്ലാവരെയും പോലെ പ്രവാസികൾക്കും തിരിച്ചറിവിന്റെ, ബോധ്യങ്ങളുടെ പുതിയ അനുഭവങ്ങളാണ്, ജീവിത പാഠങ്ങളാണ് സമ്മാനിച്ചത്. എന്താണോ വലുത് എന്ന് കരുതിയതെല്ലാം വെറും മിഥ്യയാണെന്ന് അവർക്കും ബോധ്യമായി തുടങ്ങി. ചുട്ടുപൊള്ളുന്ന അവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എത്രയും വേഗം പുഞ്ചിരിക്കുന്ന സന്തോഷിക്കുന്ന നല്ല നാളുകളിലേക്ക് അവര്‍ തിരിച്ചു വരട്ടെ എന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു.
Anthony Vargheese