വത്തിക്കാൻ സിറ്റി: ജപമാല സമർപ്പണത്തിനുശേഷം ചൊല്ലുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ലുത്തീനിയയിൽ മൂന്ന് യാചനാപ്രാർത്ഥനകൾ കൂടി ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായ ഇന്നലെ (ജൂൺ 20) ഇക്കാര്യങ്ങൾ വ്യക്തമാക്കി ആരാധനക്രമ കാര്യങ്ങൾക്കായുള്ള തിരുസംഘം ലോകമെമ്പാടുമുള്ള മെത്രാൻ സമിതി അധ്യക്ഷന്മാർക്ക് കത്ത് അയച്ചു.
‘കരുണയുടെ മാതാവേ’, ‘പ്രത്യാശയുടെ മാതാവേ’, ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ എന്നീ യാചനകളാണ് മരിയൻ ലുത്തീനിയയിൽ പാപ്പ കൂട്ടിച്ചേർത്തത്. ‘കരുണയുടെ മാതാവേ’ എന്നത് ‘സഭയുടെ മാതാവേ’ എന്നതിനുശേഷമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘പ്രത്യാശയുടെ മാതാവേ’ എന്നത് ‘ദൈവവരപ്രസാദത്തിന്റെ മാതാവേ’ എന്നതിനുശേഷവും ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ എന്നത് ‘പാപികളുടെ സങ്കേതമേ’ എന്നതിനുശേഷവും ചേർക്കണമെന്നാണ് നിർദേശം.
ഇക്കാര്യം അറിയിച്ചുകൊണ്ട് പുറപ്പെടുവിച്ച കത്തിൽ തിരുസംഘം ആരാധക്രമ തിരുസംഘം അധ്യക്ഷൻ കർദിനാൾ റോബർട്ട് സാറ, സെക്രട്ടറി ആർച്ച്ബിഷപ്പ് ആർതർ റോച്ചേ എന്നിവരാണ് ഒപ്പുവെച്ചിട്ടുള്ളത്. അനിശ്ചിതത്വങ്ങളും കഷ്ടതകളും നിറഞ്ഞ ഈ സമകാലീന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസീസമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ് ഈ യാചനാ പ്രാർത്ഥനകൾ. എന്നാൽ, ഈ മരിയൻ പ്രാർത്ഥനകൾ പുതിയതല്ല മറിച്ച്, സഭാപാരമ്പര്യങ്ങളിൽ പരിശുദ്ധ അമ്മയോടുള്ള സ്തുതിയുടെയും യാചനയുടെയും ഭാഗമാണെന്ന് ആർച്ച്ബിഷപ്പ് റോച്ചേ, ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ജപമാല അർപ്പണത്തിനുശേഷം ചൊല്ലുന്ന മരിയൻ ലുത്തീനിയയെ ‘ലിറ്റനി ഓഫ് ലൊറേറ്റോ’ എന്നാണ് വിളിക്കുന്നത്. ഇറ്റലിയിലെ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൊറേറ്റോയിൽ 1531 മുതൽ ഉപയോഗിച്ചിരുന്ന പ്രസ്തുത ലുത്തീനിയ 1587ൽ സിക്സ്റ്റസ് അഞ്ചാമൻ പാപ്പയാണ് സഭയിൽ ഔദ്യോഗികമാക്കിയത്. മരിയൻ ലുത്തീനിയകൾ വേറെയുണ്ടെങ്കിലും പൊതുവായ പ്രാർത്ഥനകൾക്ക് ‘ലിറ്റനി ഓഫ് ലൊറേറ്റോ’ മാത്രമേ ഉപയോഗിക്കാവൂ.