നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ. ആ യുദ്ധത്തിൻ്റെ ഏറ്റവും മുൻനിരയിൽ, അക്ഷരാർത്ഥത്തിൽ, ജീവൻ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽ ഒന്ന് നഴ്സുമാരാണ്. അപകടകാരിയായ ഒരു വൈറസ് ഉയർത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ അവർ അദ്ധ്വാനിക്കുകയാണ്. അവരിൽ രോഗബാധിതരായവർ പോലും ഭയന്നു പിൻവാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മൾ കണ്ടത്. അവരുയർത്തുന്ന പ്രതിരോധമാണ് ഈ രോഗത്തിൽ നിന്നും അനവധി പേരുടെ ജീവൻ രക്ഷിച്ചത്. അവർ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്തായി മാറുന്നത്.
കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഈ പോരാട്ടത്തിൻ്റെ മുൻപന്തിയിൽ മലയാളികളായ നഴ്സുമാർ പ്രവർത്തിക്കുന്നു എന്നത് ഈ നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ലോക നഴ്സസ് ദിനത്തിൽ ഈ ഘട്ടത്തിൽ അവരുൾപ്പെടെ എല്ലാ നഴ്സുമാരും കാഴ്ചവച്ച മഹനീയ സേവനങ്ങളെ അഭിനന്ദിക്കുന്നു. നിപ്പ പകർച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ മരണമടഞ്ഞ സിസ്റ്റർ ലിനിയുൾപ്പെടെയുള്ളവരുടെ ത്യാഗങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു. അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു.