തിരുവനന്തപുരത്തെ ആദ്യ ക്രൈസ്തവ ദേവാലയം എന്ന് പ്രസിദ്ധിയാർജിച്ച പേട്ട പള്ളിമുക്ക് സെൻ്റ് ആൻസ് ദേവാലയം 1778 ലാണ് സ്ഥാപിതമായത്.
മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് ഡച്ച് നേവി കമാൻഡറായിരുന്ന
ഡിലിനോയിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ആക്രമിച്ചു. 1741 ഓഗസ്റ്റ് 10ന് കുളച്ചലിൽവച്ച് ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തുകയും തടവുകാരനായി പിടിക്കപ്പെട്ട ഡിലിനോയിയെ കാലാൾപ്പടയുടെ പരിശീലകനായി രാജാവ് നിയമിക്കുകയും ചെയ്തു.
വിശുദ്ധപദവിയിലേക്ക് ഉയരുന്ന ദേവസഹായം പിള്ള (അന്ന് നീലകണ്ഠപ്പിള്ള) ക്രിസ്ത്യാനി ആയി മാറുന്നത് ഡി ലിനോയിയുമായുള്ള സമ്പർക്കം മൂലമായിരുന്നു.
1777 ൽ ഡിലിനോയി മരണമടഞ്ഞു. എക മകൻ ജോൺ നേരത്തെ ഒരു യുദ്ധത്തിൽ മരണമടഞ്ഞിരുന്നു.
ഡിലിനോയിയുടേയും ഭാര്യയുടേയും മരണശേഷം ജോണിൻ്റെ ഭാര്യ ഉദയഗിരി കോട്ടയിൽ താമസിക്കാൻ ഇഷ്ടപ്പെട്ടില്ല. ഇതറിഞ്ഞ അന്നത്തെ മഹാരാജാവ് കാർത്തിക തിരുനാൾ അവർക്ക് കുന്നുകുഴിയിൽ താമസിക്കാൻ സൗകര്യം ഏർപ്പെടുത്തി.
അന്ന് തിരുവനന്തപുരം പട്ടണത്തിൽ ക്രിസ്ത്യൻ രീതിയിലുള്ള പ്രാർഥനക്കും ആരാധനക്കും സൗകര്യമൊന്നുമില്ലാതിരുന്നതിനാൽ പേട്ടയിൽ ഒരു ദേവാലയം നിർമിക്കാൻ കാർത്തികതിരുനാൾ അനുമതി നൽകി. വർത്തക പ്രഭുവായിരുന്ന എഴുപുന്ന മാത്തു തരകനായിരുന്നു ദേവാലയ നിർമാണത്തിന് ധനസഹായം നൽകിയത്.
കരമൊഴിവാക്കിയാണ് ഭരണകൂടം അന്ന് ദേവാലയത്തിന് സ്ഥലം അനുവദിച്ചു നൽകിയത്.
1778 ൽ ഓലകൊണ്ട് നിർമിച്ച പള്ളി പിന്നീട് 1851 ൽ പുനരുദ്ധരിച്ചു. അന്നത്തെ വികാരിയായിരുന്ന ഗോവൻ രൂപതാംഗമായ ഒരു വൈദികനാണ് നിർമാണത്തിന്
നേതൃത്വം നൽകിയത്.
Vigario Padre jaeo custodio Santanna do Rasario Rebello എന്ന അദ്ദേഹത്തിൻ്റെ പേര് ഇപ്പോഴും പള്ളിയുടെ മുഖപ്പിൽ ഇപ്പോഴും കാണാം.
രാജഭരണകാലത്തെ സെറ്റിൽമെൻ്റ് രജിസ്റ്റർ പ്രകാരം 1865 ൽ വികാരിയായിരുന്ന ഫാ.ബഞ്ചമിൻ ഡിക്രൂസിൻ്റെ പേരിലാണ് ദേവാലയം സ്ഥിതി ചെയ്യുന്ന ഒരേക്കർ ഇരുപത്തിനാല് സെൻ്റ് വസ്തുവിന് പട്ടയം നൽകിയിട്ടുള്ളത്. ഇദ്ദേഹം പിൽക്കാലത്ത് കൊച്ചി സാന്താക്രൂസ് പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1927 ൽ വികാരിയായിരുന്ന
ഫാ.മൈക്കിൾ ജാക്സൺൻ്റെ കാലത്ത് ദേവാലയത്തോട് ചേർന്ന് കുരിശാകൃതിയിൽ രണ്ട് വശങ്ങളും അൾത്താരയും പണിതു.
2003 ൽ ദേവാലയത്തിൻ്റെ പ്രാചീന നിർമാണ വൈഭവത്തിനും വാസ്തുവിദ്യക്കും കോട്ടം വരാതെ തന്നെ അന്നത്തെ വികാരി ഫാ.തോമസ് നെറ്റോയുടെ നേതൃത്വത്തിൽ ദേവാലയം പുനർനിർമിച്ചു.
1200 കുടുംബങ്ങളാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള ഈ ദേവാലയത്തിൽ ഉള്ളത്.ഫാ. പങ്ക്റേഷ്യസ് ആണ് ഇപ്പോഴത്തെ വികാരി.
Sibi Joy