വെള്ളിയാഴ്ചത്തെ (24-4-2020) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, അപ്പവും മീനും യേശു വർദ്ധിപ്പിക്കുന്ന അത്ഭുത സംഭവം രേഖപ്പെടുത്തിയിരുക്കുന്ന യോഹാന്നാൻറെ സുവിശേഷം 6,1-15 വരെയുള്ള വാക്യങ്ങൾ വിശകലനം ചെയ്ത പാപ്പാ, ഈ അത്ഭുത സംഭവത്തിൽ തെളിയുന്നത് തൻറെ ജനത്തിൻറെ ചാരെ ആയിരിക്കാൻ യേശു ശ്രമിക്കുന്നതും ഇടയൻറെ അധികാരത്തെ സേവനമാക്കി മാറ്റുന്നതുമാണെന്നു വിശദീകരിച്ചു.
ജനങ്ങളുടെ ചാരെ ആയിരിക്കാൻ ശ്രമിക്കുന്ന യേശു, ജനങ്ങളിൽ നിന്നകലാൻ നോക്കുന്ന ശിഷ്യരെ തിരുത്തുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഇടയന്മാരെ തേടുകയും സമൂർത്തമായ കാര്യങ്ങൾ ഇടയന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന ദൈവജനം തളർന്നിരിക്കുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ, വിശന്നിരിക്കുന്ന ജനത്തിന് ഭക്ഷണം കൊടുക്കാൻ യേശു ശിഷ്യന്മാരോടു പറയുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ട്, ഇടയന്മാർ. ദൈവജനത്തിൻറെ ആവശ്യങ്ങൾ നറവേറ്റിക്കൊടുക്കേണ്ടവരാണെന്ന് ഓർമ്മിപ്പിച്ചു.
ഇടയന്മാരെ സംബന്ധിച്ചിടത്തോളം മൗലികമായ ഒരു കാര്യമാണിതെന്ന് പാപ്പാ വിശദീകരിക്കുകയും ഇയന്മാർ ജനത്തിന് നല്കേണ്ടവരാണ് എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.
ജനത്തിന് ആഹാരം നല്കിയതിനു ശേഷം യേശു, പിതാവിനോടു പ്രാർത്ഥിക്കാൻ മലയിലേക്കു പോകുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ ഇത് ഇടയനുണ്ടായിരിക്കേണ്ട “ചാരെ ആയിരിക്കുക” എന്ന കടമയുടെ രണ്ടു മാനങ്ങളാണെന്ന് വ്യക്തമാക്കി.
അതായത് ജനത്തിൻറെയും ഒപ്പം ദൈവ പിതാവിൻറെയും ചാരെ ആയിരിക്കണം ഇടയൻ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഭക്ഷിച്ചു തൃപ്തരായപ്പോൾ ചിലർ യേശുവിനെ രാജാവാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ അധികാരമെന്ന പ്രലോഭനമാണ് ഇവിടെ വിവക്ഷ എന്നു വ്യക്തമാക്കി.
ഇടയൻറെ അധികാരം സേവനമാണെന്നും ഇതിൽ നിന്നു വ്യതിചലിച്ചാൽ ഇടൻ സ്വന്തം വിളിയെ ഇല്ലാതാക്കുകയായിരിക്കും ചെയ്യുകയെന്നും ഇവിടെ ഇടയൻ ഇടയനല്ലാതാകുകയും വെറു കാര്യസ്ഥനായി മാറുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.
ജനങ്ങളുടെ ചാരെ ആയിരിക്കാൻ ഭയപ്പെടാതിരിക്കാനുള്ള അനുഗ്രഹം ഇടയന്മാർക്ക് ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.