“കോളിളക്കത്തില്‍പ്പെട്ട ശിഷ്യന്മാരുടെ ‘കര്‍ത്താവേ രക്ഷിക്കണമേ’, എന്ന നിലവിളി തന്നെയാണ് ഇന്ന് കൊറോണാ വൈറസിന്റെ മുമ്പില്‍ ഭയവിഹ്വലരായിരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്” : ഓശാന ഞായര്‍ ആചരണത്തിന്‍റെ ജനരഹിത ദിവ്യബലി പ്രസംഗമധ്യേ അഭിവന്ദ്യ സൂസപാക്യം മെത്രപൊലീത്ത പറഞ്ഞു.
അതിരൂപത നൽകിയ നിർദേശമനുസരിച്ച് കുരുത്തോല വെഞ്ചരിപ്പും ആഘോഷമായ പ്രദക്ഷിണവും ഇടവക ദേവാലയങ്ങളിൽ ഉണ്ടായിരുന്നില്ല. അതേസമയം കെ.ആർ.എൽ.സി.സി. ആരാധനക്രമ കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് കത്തീഡ്രൽ ദേവാലയത്തിനുള്ളിൽ ഹൃസ്വ പ്രദക്ഷിണത്തോട് കൂടെയുള്ള ചടങ്ങുകളാണ് സംഘടിപ്പിച്ചത്.
“എല്ലാം നേടിയെടുത്തു എന്ന് അഹങ്കരിക്കുകയും, പ്രപഞ്ചത്തിലാകമാനം ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്നുവെന്ന് വമ്പ് പറയുന്ന, ശാസ്ത്രസാങ്കേതിക വിദ്യകളെച്ചൊല്ലി അഹങ്കരിക്കുന്ന ലോകമാണ് ഇന്ന് കാണാൻപോലും സാധിക്കാത്ത കൊറോണാ വൈറസിനെ മുമ്പിൽ വിറച്ചു വിറങ്ങലിച്ചു നിൽക്കുന്നത്. കൊറോണ വൈറസ് മാത്രമല്ല, കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവും, അണുവായുധങ്ങളും, ഭീകരപ്രവർത്തനങ്ങളുമെല്ലാം ലോകത്തിൻറെ നിലനിൽപ്പിനെത്തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ നേട്ടങ്ങൾ നല്ലതുതന്നെ എന്നാൽ അതിന് ആത്മീയമായ അടിത്തറയുണ്ടായിരിക്കണം. കൊറോണാ വൈറസിനെ മുമ്പിൽ എന്തുചെയ്യണമെന്നറിയാതെ മനുഷ്യർ തങ്ങളുടെ കഴിവില്ലായ്മ മനസ്സിലാക്കി പകച്ചുനിൽക്കുന്ന അവസരത്തിലും ജെറമിയ പ്രവാചകൻ വഴി ദൈവം നമുക്ക് നൽകുന്ന പ്രത്യാശയുടെ സന്ദേശമിതാണ്, ‘നിങ്ങളെക്കുറിച്ചുള്ള പദ്ധതി എൻറെ മനസ്സിലുണ്ട്, നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണിത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി'(ജറെ 29,10)”, അദ്ദേഹം പ്രസംഗമധ്യേ പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മീഡിയ കമ്മീഷൻ ഫേസ്ബുക്ക് യൂട്യൂബ് പേജുകളിൽ തിരുക്കർമ്മങ്ങളുടെ സംപ്രേഷണം തത്സമയം നൽകിയിരുന്നു. ഷെഖിനാ ടെലിവിഷൻ കേബിൾ ടിവി വഴിയും പ്രസ്തുത കർമ്മങ്ങൾ സംപ്രേഷണം ചെയ്തു.