തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച ആർച്ച് ബിഷപ്പ് ഡോ സൂസൈപാക്യത്തിൻ്റെ നേതൃത്വത്തിലുള്ള കെ ആർ എൽ സി സി നേതൃസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെയും തീരദേശ വാസികളുടെയും കാര്യത്തിൽ സുവ്യക്തമായ നിലപാട് സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോറോണയുടെ ഭീഷണിയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെ ആർച്ച്ബിഷപ്പ് പ്രശംസിച്ചു. സന്തോഷവും നന്ദിയും മുഖ്യമന്ത്രിയെ അറിയിച്ചു. ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ, കെആർഎൽസിസി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, സെക്രട്ടറി ആൻ്റണി ആൽബർട്ട്, കെഎൽസിഎ വൈസ് പ്രസിഡൻറ് ഡാൽഫിൻ ടി.എ., സിഎസ്എസ് വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി പി ആർ കുഞ്ഞച്ചൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
തീരപരിപാലന വിജ്ഞാപനം ലംഘിച്ച് നിർമ്മിച്ചതായി സംശയിക്കപ്പെടുന്ന 26330 കെട്ടിടങ്ങളടങ്ങുന്ന പട്ടിക വിശദമായി പരിശോധിച്ച് മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങൾ നിയമപരമായി ക്രമപ്പെടുത്തണമെന്ന് കെആർഎൽസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.