ബോംബെ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബോംബെ അതിരൂപത സർക്കുലർ പുറത്തിറക്കി. അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ ഇന്ത്യയിൽ മറ്റൊരു കൊറോണ രോഗി കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 31 ആയി.
രോഗത്തിൻറെ വേഗത്തിലുള്ള വ്യാപനം കണക്കിലെടുത്താണ് ബോംബെ അതിരൂപത അധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് രോഗബാധ തടയുവാനായി പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറക്കിയത്
ദിവ്യബലി മധ്യേ സമാധാന അഭിവാദ്യം ചെയ്യുമ്പോൾ കൈ കുലുക്കാതെ, കൂപ്പിയ കൈകളാൽ പരസ്പരം അഭിവാദ്യം ചെയ്യുക (നമസ്‌തേ).
കയ്യിൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക, ദുഃഖവെള്ളിയാഴ്ച കുരിശാരാധനാ മദ്ധ്യേ, കുരിശിൽ ചുംബിക്കുന്നതിന് ആളുകളെ നിരുത്സാഹപെടുത്തുക, സാനിറ്റൈസർ ഉപയോഗിച്ച് വൈദികരും അല്മായ ശുശ്രൂഷകരും കൈകൾ കഴുകുക, തീർത്ഥജലം പൊതുവായ സ്ഥലങ്ങളിൽ തൽക്കാലത്തേക്ക് സൂക്ഷിക്കാതിരിക്കുക എന്നിവയാണ് പുതിയതായി പ്രാബല്യത്തിൽ വരുന്ന നിർദ്ദേശങ്ങൾ.
“ഈ നടപടികളെല്ലാം താൽക്കാലികമാണ്, കാലാകാലങ്ങളിൽ ഇത് പരിഷ്കരിക്കും,”കർദിനാൾ പറഞ്ഞു. 2020 ഏപ്രിൽ 12 വരെ ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു . കൂട്ടായ്മയിലെ ഒരു വ്യക്തിക്ക് രോഗം ബാധിച്ചതായി സൂചനയുണ്ടെങ്കിൽ, ഇടവക വൈദികർ ഭക്തസംഘടനകൾ, സൊഡാലിറ്റികൾ, അസോസിയേഷനുകൾ മുതലായവയുടെ മീറ്റിംഗുകൾ ജന നന്മയെ കരുതി താൽക്കാലികമായി നിർത്തി വയ്ക്കണമെന്നു അദ്ദേഹം പറഞ്ഞു.
ഈ ഗുരുതര സാഹചര്യം പരിഹരിക്കാൻ ഗവൺമെൻറ് അധികാരികൾ പരമാവധി ശ്രമിക്കുന്നതിനാൽ പരിഭ്രാന്തരാകരുതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.