കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് കെസിബിസി. വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്റെ ഡ്രാഫ്റ്റ് പൂര്‍ണമായും ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യണമെന്നാണ് സഭയുടെ പ്രധാന ആവശ്യം.
മതാധ്യാപകരെക്കുറിച്ചുള്ള നിര്‍വചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണ സംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സര്‍ക്കാര്‍ നീക്കത്തോട് സഹകരിക്കാനാവില്ല. ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണെന്നും സഭാ അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ഡിസംബര്‍ 29 ന് ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ ശിപാര്‍ശയുടെ നടപ്പാക്കല്‍ എന്ന നിലയില്‍ സണ്‍ഡേ സ്‌കൂള്‍ ക്ഷേമനിധി എന്ന ആശയം അവതരിപ്പിക്കുകയുണ്ടായി. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂര്‍ണവുമായ ഡ്രാഫ്റ്റ് ചര്‍ച്ചകള്‍ക്കും പഠനത്തിനുമായി നല്‍കണം എന്ന് കത്തോലിക്കാ സഭാ പ്രതിനിധികള്‍ പ്രസ്തുത യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നല്‍കിയ ശേഷം അതിന്റെ അധ്യായം ആറിലെ (ഖണ്ഡിക: 17, 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16 നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സൂചന പ്രകാരമുളള കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിവേഗത്തില്‍ നടപ്പിലാക്കേണ്ട ഒരു നിര്‍ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട ഒരു നിര്‍ദേശമാണിത്. കാരണം കേരളത്തിലെ ക്രൈസ്തവ സഭകളില്‍ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാര്‍ഗങ്ങളിലുമാണ് അവലംബിച്ചു വരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയിട്ടുള്ളതായി അറിവില്ല.
കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമര്‍പ്പിത സ്വഭാവമുള്ള ഒരു സേവനമാണ്. അതൊരിക്കലും ഒരു ജോലിയോ, തൊഴിലോ ആയി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവര്‍ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ പൂര്‍ണമനസോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകര്‍ അഥവാ വിശ്വാസ പരിശീലകര്‍. മതപഠനം പൂര്‍ണമായും സഭയുടെ (അതാത് മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിന്‍മേല്‍ സര്‍ക്കാര്‍ ചെലവിലുള്ള ആനുകൂല്യങ്ങള്‍ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലര്‍ത്തുന്നതിനാലും സര്‍ക്കാരിന്റെ സണ്‍ഡേ സ്‌കൂള്‍ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല.
അതേസമയം ക്രൈസ്തവ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. ആയതിനാല്‍ വേണ്ടത്ര ആലോചനയോ ചര്‍ച്ചകളോ കൂടാതെ തിടുക്കത്തില്‍ ഒരു ഓര്‍ഡിനന്‍സിലൂടെ സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് (കെസിബിസി) ആവശ്യപ്പെട്ടു.

