പുതിയതുറ : പുല്ലുവിള ഫൊറോന ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ ജനുവരി 13 ചൊവ്വാഴ്ച പുതിയതുറ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി ഹാളിൽ ബിസിസി വാർഷിക സമ്മേളനവും ജൂബിലി സംഗമവും സംഘടിപ്പിച്ചു. വൈദീക കോഡിനേറ്റർ ഫാദർ ഡേവിഡ്സൺ ജസ്റ്റസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ബിഷപ് ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. സിനാഡാത്മക സഭയും, ജൂബിലി 2025 ആഘോഷവും, വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവിയിലെ ശതാബ്ദി ആഘോഷവും, അവൻ നമ്മെ സ്നേഹിച്ചു എന്ന ചാക്രിക ലേഖനവും ഓരോ വിശ്വാസിയെയും നയിക്കുന്നത് വ്യക്തിഗത വികസനത്തിലേക്കും കുടുംബങ്ങളുടെ ആത്മീയ നവീകരണത്തിലേക്കും ഇടവകയുടെ ബിസിസി ശാക്തീകരണത്തിലേക്കുമാണെന്ന് ബിഷപ് വ്യക്തമാക്കി.
ഫൊറോന വികാരി ഫാ. ഡൈസൻ അനുഗ്രഹ പ്രഭാഷണം നടത്തി. കുടുംബ ശുശ്രൂഷ വൈദിക കോഡിനേറ്റർ ഫാ. ജോസഫ് ഭാസ്കർ, കരിസ്മാറ്റിക് കോഡിനേറ്റർ ഫാ. ഡെൻസൺ ഐ.വി.ഡി, പുതിയതുറ ഇടവക സഹവികാരി ഫാദർ പ്രമോദ് എന്നിവർ ആശംസകളേകി. ജൂബിലിയോടനുബന്ധിച്ച് ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോഗോസ് ക്വിസ്, നവമാലിക ക്വിസ്, പുതിയ നിയമം ബൈബിൾ കൈയെഴുത്ത് എഴുതിയവർ, മികച്ച ബിസിസി പ്രവർത്തനങ്ങൾ കാഴ്ചവച്ച ഇടവകകൾ എന്നിവരെ ആദരിച്ചു. ഫൊറോന ആനിമേറ്റർ സുശീല ജോ സ്വാഗതവും സിസ്റ്റർ ആനിമേറ്റർ ലിസ കൃതജ്ഞതയുമേകി. തുടർന്ന് ചൊവ്വര, അടിമലത്തുറ, പുല്ലുവിള, പള്ളം, പുതിയതുറ, പൂവാർ, കൊല്ലംകോട് എന്നീ ഇടവകകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

