അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോനയിൽ വിവിധ പരിപാടികളോടെ ജൂബിലി ആഘോഷത്തിന് സമാപനമായി. ഡിസംബർ 28 ഞായറാഴ്ച താഴമ്പള്ളി കാശുരൂപ മാതാ കുരിശടിയിൽ ഫൊറോന വികാരി ഫാ. ഡേവിഡ്സൺ പതാക ഉയർത്തി ജൂബിലി സമാപനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് 200-ൽപരം വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളും, ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരണങ്ങളും ചിത്രങ്ങളും, യേശു പ്രവർത്തിച്ച അത്ഭുതങ്ങളുടെ ചിത്രീകരണങ്ങളും, വിവിധ ഭാഷയിലുള്ള ബൈബിളുകളും പ്രദർശിപ്പിച്ച എക്സിബിഷൻ നടന്നു. വൈകുന്നേരം തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ബിഷപ് ക്രിസ്തുദാസ് മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയിൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസ സമൂഹം പങ്കുചേർന്നു. സമുദായത്തിൽ നിന്നും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പർമാരെ ബിഷപ് ആദരിച്ചു.
തുടർന്ന് നടന്ന ഫെറോനാതല ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷത്തിൽ 20 വർഷം പൂർത്തിയാക്കിയ വിശ്വാസ പരിശീലന അധ്യാപകരെ ആദരിച്ചു. അതിരൂപത തലത്തിൽ നടന്ന പരീക്ഷയിൽ വിജയിച്ച കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു. മതബോധന വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

