വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതില്‍ അടച്ചു. ഒരു വര്‍ഷം നീണ്ട് നിന്ന ജൂബിലി വർഷാചരണത്തിന് സമാപനം കുറിച്ചു കൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പ വാതിലുകൾ അടച്ചത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ സഹായിക്കാനും വിദേശികളോട് ദയയോടെ പെരുമാറാനും പാപ്പ ആഹ്വാനം ചെയ്തു. 33 മില്യണ്‍ വിശ്വാസികളാണ് വിശുദ്ധ വര്‍ഷത്തിന്റെ ഭാഗമായി ഇത്തവണ വത്തിക്കാന്‍ സന്ദര്‍ശിച്ചത്. ഓരോ 25 വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ജൂബിലി വര്‍ഷമായി ആചരിക്കുക. 2025 ലെ ജൂബിലിക്ക് ചരിത്ര പ്രാധാന്യം കൂടിയുണ്ടായിരുന്നു. 300 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു പാപ്പ തുറന്ന വിശുദ്ധ വാതില്‍ മറ്റൊരു പാപ്പ അടക്കുന്നത്.
ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വര്‍ഷത്തിന്റെ ഭാഗമായി തുറന്ന വാതില്‍ അദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ ആഘോഷങ്ങള്‍ക്ക് ശേഷം അടച്ചത്. 1700 ലാണ് ഇതിന് മുമ്പ് രണ്ട് പാപ്പമാരുടെ കീഴില്‍ ജൂബിലി വര്‍ഷം ആചരിച്ചത്. കര്‍ദിനാള്‍മാരെയും നയതന്ത്രഞ്ജരയും സാക്ഷിയാക്കി വിശുദ്ധ വാതിലിന്റെ ഉമ്മറപ്പടിയിലെ കല്‍ത്തറയില്‍ പാപ്പ മുട്ടുകുത്തി പ്രാര്‍ത്ഥന നടത്തി. 185 രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തി പ്രാര്‍ത്ഥന നടത്തിയത്. 25 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തി വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരഭങ്ങള്‍ സന്ദര്‍ശിച്ച് വിശുദ്ധവാതിലിലൂടെ കടന്നുപോയാല്‍ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം.

