വത്തിക്കാൻ: ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ ആരംഭത്തിലാണ്, ആഗോളസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ സമാധാനത്തിനായി പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം തേടാൻ പാപ്പാ ഏവരെയും ക്ഷണിച്ചത്.
ഒക്ടോബർ മാസത്തിലെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഏവരോടും പാപ്പാ പ്രത്യേകമായി ആഹ്വാനം ചെയ്തു. അതേസമയം രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചതിന്റെ വാർഷികം കൂടിയായ ഒക്ടോബർ 11-ന്, മരിയൻ ആധ്യാത്മികതയുടെ ജൂബിലി സായാഹ്നപ്രാർത്ഥനയുടെ കൂടി പശ്ചാത്തലത്തിൽ വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്ക് മുന്നിലെ ചത്വരത്തിൽ നടക്കാൻ പോകുന്ന ജപമാല പ്രാർത്ഥനയിൽ നമുക്കൊരുമിച്ച് പങ്കെടുക്കാമെന്നും പാപ്പാ പറഞ്ഞു. ഒക്ടോബർ 11, 12 തീയതികളിലാണ് മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി നടക്കുന്നത്. 1962 ഒക്ടോബർ 11-ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപത്തിമൂന്നാമത് വാർഷികദിനമാണ് ഈ വർഷം ഒക്ടോബർ 11-ന് ആചരിക്കുന്നത്.