പുല്ലുവിള: പുല്ലുവിള ഇടവക സെപ്തംബർ 21 ഞായറാഴ്ച ബൈബിൾ ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഇടവകയിലെ 1400-ഓളം വിശ്വാസികൾ ഒരു മണിക്കൂർകൊണ്ട് സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി. പുല്ലുവിള ഇടവക വികാരി ഫാ. ആൻ്റണി എസ് ബി, സഹവികാരിമാർ, സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ഇടവക ബിസിസിയും, അജപാലന, മതബോധന സമിതികളുമാണ് ബൈബിൾ ദിനാചരണം നടത്തിയത്. ബൈബിൾ പകർത്തിയെഴുതുന്നതിനായി രജിസ്റ്റർ ചെയ്തവർ പ്രാർത്ഥിച്ചൊരുങ്ങുകയും സെപ്തംബർ 20 ശനിയാഴ്ച അനുരഞ്ജന കൂദാശ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുത്തുകൊണ്ട് ഉച്ചയ്ക്ക് 2 മണി മുതൽ 3 വരെയുള്ള ഒരു മണിക്കൂർ സമയത്തിലാണ് സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതിയത്. ഈ സംരഭത്തിൽ പങ്കെടുത്ത എല്ലാവരെയും ഇടവക വികാരി അഭിനന്ദിച്ചു.