ബംഗളൂരു: ഓരോ ജീവനും ദൈവത്തിന്റെ സമ്മാനവും അമൂല്യവും കൃത്യമായ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന സന്ദേശമുയര്‍ത്തി ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ നടന്ന ആയിരങ്ങള്‍ അണിനിരന്ന നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ), കാത്തലിക് നാഷണല്‍ സര്‍വീസ് ഓഫ് കമ്മ്യൂണിയന്‍ (സിഎന്‍എസ്സി) എന്നിവയുമായി സഹകരിച്ച് ഫാമിലി വെല്‍ഫെയര്‍ സെന്ററും കാരിസ് ഇന്ത്യയും ചേര്‍ന്നാണ് ഇന്ത്യയിലെ നാലാമത് നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കിയത്.
ജീവന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് ആന്റണിസാമിയുടെ നേതൃത്വ ത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് ആര്‍ച്ചു ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ മാര്‍ച്ച് ഫോര്‍ ലൈഫ് ബാനര്‍ സമ്മാനിച്ചതോടെയാണ് മാര്‍ച്ച് സമാപിച്ചത്. ജീവിതത്തിന്റെ പവിത്രതയെ ഉയര്‍ത്തിക്കാട്ടുന്ന പ്രോ-ലൈഫ് പ്രദര്‍ശനവും ഒരുക്കിയിരുന്നു. ജനിക്കാത്ത കുഞ്ഞുങ്ങള്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ചു.