വത്തിക്കാൻ സിറ്റി: ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥനയുടെ ശക്തിയും പ്രാധാന്യവും ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പ. കർത്താവ് എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും അവിടുത്തെ നന്മയാൽ നാം രൂപാന്തരപ്പെടണമെന്നും പാപ്പ കൂട്ടിച്ചേർത്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാലജപ പ്രാർഥനയ്ക്കായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. യേശു ശിഷ്യന്മാരെ പഠിപ്പിച്ച ‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന ഉൾപ്പെടെയുള്ള സുവിശേഷ ഭാഗമാണ് (ലൂക്കാ 11: 1- 13) പരിശുദ്ധ പിതാവ് ധ്യാനവിഷയമാക്കിയത്.
‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന എല്ലാ ക്രൈസ്തവരെയും ഒന്നിപ്പിക്കുന്ന പ്രാർത്ഥനയാണെന്ന് ലിയോ പാപ്പാ അഭിപ്രായപ്പെട്ടു. ഒരു ശിശുവിനെപ്പോലെ, ലാളിത്യത്തോടും പുത്രസഹജമായ പ്രത്യാശയോടും ആത്മവിശ്വാസത്തോടും സ്നേഹിക്കപ്പെടുന്നുണ്ടെന്നുള്ള ഉറപ്പോടുംകൂടെ ദൈവത്തെ ‘അബ്ബാ, പിതാവേ’ എന്നു വിളിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരുന്നു. പിതാവിനെ വെളിപ്പെടുത്തുന്നതോടൊപ്പം, നാം ആരാണെന്നും കർതൃപ്രാർത്ഥന നമുക്ക് വെളിപ്പെടുത്തിത്തരുന്നു. എത്രയേറെ ആത്മവിശ്വാസത്തോടെ ഈ പ്രാർഥന നാം പ്രാർഥിക്കുന്നുവോ, അത്രയധികമായി ദൈവസ്നേഹം അനുഭവിച്ചറിയാനും നാം അവിടുത്തെ പ്രിയ മക്കളാണെന്ന് മനസ്സിലാക്കാനും നമുക്ക് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.