വഴയില: വട്ടിയൂർക്കാവ് ഫെറോനയിൽ ഉൾപ്പെടുന്ന ഇടവകകളിൽ തിരഞ്ഞെടുക്കപ്പെട്ട ഇടവക റിസോഴ്സ് ടീം അംഗങ്ങളുടെ പരിശീലനവും ഫെറോന റിസോഴ്സ് ടീം രൂപീകരണവും നടന്നു. ജൂലൈ 27 ഞായറാഴ്ച വഴയില ഇടവക ഹാളിൽ നടന്ന പരീശീലന ക്ലാസ് ഫാ. ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു. റിസോഴ്സ് ടീം അംഗങ്ങളുടെ സവിശേഷതകൾ, കടമകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെ ആസ്പദമാക്കി അല്മായ ശുശ്രൂഷ അസി. ഡയറക്ടർ നിക്സൻ ലോപ്പസ് ക്ലാസ് നയിച്ചു. ക്ലാസിൽ പങ്കെടുത്ത അഞ്ചുപേർ തങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളെ അവതരിപ്പിച്ചു. ഫെറോനയിലെ വിവിധ ഇടവകകളിൽ സാമൂഹികം, കുടുംബം, മീഡിയ, ലഹരി, കുട്ടികളുടെ മതബോധനം, ബൈബിൾ, യുവജന മതബോധനം, മുതിർന്നവരുടെ മതബോധനം, അതിരുപത നയങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിക്കാൻ ഫെറോന റിസോഴ്സ് ടീമിനെ രൂപീകരിച്ചു. സിസ്റ്റർ ആലിസ് മേരി സ്വാഗതവും സീനാ ഫെലിക്സ് കൃതഞ്ജതയും രേഖപ്പെടുത്തി. വിവിധ ഇടവകകളിൽ നിന്നായി 31 പേർ പങ്കെടുത്തു.