വത്തിക്കാൻ സിറ്റി: വിടപറഞ്ഞ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ സംസ്കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് (പ്രാദേശിക സമയം രാവിലെ പത്ത്) സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ സംസ്‌കാര ചടങ്ങില്‍ കോളജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീന്‍ കര്‍ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ നേതൃത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പൊതുദര്‍ശനം നാളെ ആരംഭിക്കും. പിന്നീട് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സാന്താ മരിയ മാഗിയോര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോകും.
ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം സംസ്‌കാരം മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കും നടത്തപ്പെടുക. മുന്‍ പാപ്പമാരില്‍ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം.
അതിനിടെ ഫ്രാന്‍സിസ് പാപ്പായുടെ ഭൗതീക ശരീരത്തിന്റെ ചിത്രങ്ങൾ വത്തിക്കാന്‍ പുറത്തുവിട്ടു. ഇന്നലെ രാത്രി വത്തിക്കാനിലെ കാസ സാന്താ മാര്‍ട്ടയിലെ ചാപ്പലില്‍ നടന്ന മരണ സാക്ഷ്യപ്പെടുത്തല്‍ ചടങ്ങിനിടെ പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണ് വത്തിക്കാന്‍ പുറത്തുവിട്ടിരിക്കുന്നത്. തുറന്ന ചുവന്ന കൊഫിനിൽ കിടത്തിയിരിക്കുന്ന പാപ്പയുടെ ഭൗതിക ശരീരത്തിൽ ചുവന്ന മേലങ്കിയും തലയിൽ പാപൽ മീറ്റർ കിരീടവും കയ്യിൽ ജപമാലയും കാണാം.
പാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ജന്മനാടായ അർജന്റീനയുടെ പ്രസിഡന്റും ചടങ്ങിനെത്തും. ലോകത്തെ വിവിധ രാജ്യങ്ങളാണ് പാപ്പയുടെ വിയോഗത്തിൽ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.