കഴക്കൂട്ടം; ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മരിയൻ എൻജിനീയറിങ് കോളേജ് മലയാള മനോരമയുമായി കൈകോർത്ത് നടപ്പിലാക്കിയ റീഡേഴ്സ് കോർണർ ‘വായനയാണ് ലഹരി’ ശ്രദ്ധനേടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ സമൂഹത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പരാമർശിച്ചപ്പോൾ മരിയൻ എൻജിനീയറിങ് കോളേജിനെയും വായനയാണ് ലഹരി എന്ന പരിപാടിയേയും എടുത്ത് പറഞ്ഞത് പരിപാടിക്ക് ലഭിച്ച വലിയ പിന്തുണയാണ്. ഏപ്രിൽ മാസം ആദ്യവാരമാണ് റീഡേഴ്സ് കോർണർ ‘വായനയാണ് ലഹരി’ മന്ത്രി ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തത്. കോളജ് മാനേജർ ഫാ. ഡോ.എ.ആർ.ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.ആർ.അജയ് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തിയിരുന്നു.