അസൂയ മൂത്താൽ ദൈവകൃപ നഷ്ടമാകുമെന്നും സാവൂൾ രാജാവിന്റെ ജീവിതം അതിന് ഉത്തമ ഉദാഹരണമാണെന്നും ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസം സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അസൂയയും ശത്രുതയും കെണിയിലാഴ്ത്തുന്ന ചപലതയാണതെന്നും, സാവൂൾ രാജാവ് തന്റെ ദാസനായ ദാവീദിനോട് കാണിച്ച ശത്രുതയെ പ്രതിപാദിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗം പരാമർശിച്ചുകൊണ്ട് പാപ്പ കൂട്ടിച്ചേർത്തു.
ഇസ്രായേലിന് എതിരായി വന്ന ഫിലിസ്ത്യരെ കവണിയും കല്ലുംകൊണ്ടു കീഴടക്കാൻ ഇടയച്ചെറുക്കനായിരുന്ന ദാവീദിനെ കർത്താവ് പ്രാപ്തനാക്കി. ദാവീദ് അങ്ങനെ ഇസ്രായേല്യരുടെ ഓമനയായെങ്കിലും സാവൂൾ രാജാവ് അവന്റെ വളർച്ചയിൽ അസൂയാലുവായിരുന്നു. അസൂയ മൂത്ത് ദാവീദിനെ രഹസ്യമായി വകവരുത്താൻ രാജാവ് തക്കം നോക്കുകയായിരുന്നു. അസൂയ മൂത്താൽ ആർക്കും ഇതു സംഭവിക്കും.
അസൂയ വളർന്നാൽ പിന്നെ അപകടമാണ്. അപരൻ തന്റെ സ്ഥാനം തട്ടിയെടുക്കും, തന്നെ ഊറ്റിക്കൊണ്ടുപോകും, അതിനാൽ അവനെ ഇവിടെ വേണ്ട. അവനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് പിന്നീട് ഉണ്ടാവുക. അങ്ങനെ ശത്രുതയും പകയും കടുത്ത് മനുഷ്യൻ ഭ്രമചിത്തനാകുന്നു. വിഭ്രാന്തിയിൽ പിന്നെ എന്തു ചെയ്യുമെന്ന് പറയാനാവില്ല.
സാവൂളിനു സംഭവിച്ചത് അതാണ്. തന്റെ സാമ്രാജ്യത്തിലേക്ക്, ഇസ്രായേലിലേക്ക് ദൈവം അയച്ച സമർത്ഥനായ ഇടയയുവാവിനെ അംഗീകരിക്കാനും സ്വീകരിക്കാനും സാവൂളിനു സാധിച്ചില്ല. മറിച്ച്, അയാളുടെ കഴിവിലും നന്മയിലും അയാൾ അസൂയാലുവായിത്തീർന്നു. അതായിരുന്നു സാവൂളിന്റെ വിനാശം.
ആരുടെയും ഹൃദയത്തിലും മനസിലും നുഴഞ്ഞു കയറാവുന്ന കീടമാണ് അസൂയയും ശത്രുതയും. ജീവിതത്തിൽ നാം ഏറെ ശ്രദ്ധപതിക്കേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതുമായ തിന്മകളാണവ. ഇത് തമ്മിൽ യുദ്ധവും കലഹവും വളർത്തും. അയൽപ്പക്കത്തും ജോലിസ്ഥലത്തും എന്തിന് ചിലപ്പോൾ സമൂഹത്തിലും കുടുംബത്തിൽത്തന്നെയും കലഹകാരണം അസൂയയും അതു വളർത്തുന്ന ശത്രുതയുമാണ്.
അതിനാൽ, ദാവീദിനെപ്പോലെ സുതാര്യവും സൗമ്യവുമായ ഹൃദയം തരണമേയെന്ന് ദൈവത്തോടു പ്രാർത്ഥിക്കാം. സൗഹൃദമുള്ള ഹൃദയം ഒരിക്കലും അപരനെ കൊല്ലാൻ ആഗ്രഹിക്കല്ല. ദാവീദിനെ കൊല്ലാൻ സാവൂൾ തക്കം പാർത്തു നടന്നിട്ടും തന്റെ രാജാവും യജമാനനുമായവനോട് സംവാദത്തിന്റെയും രമ്യതയുടെയും രീതിയിൽ സംസാരിച്ച ദാവീദിനെ സുതാര്യതയുടെയും ഹൃദയവിശാലതയുടെയും നന്മയുടെയും മാതൃകയായി പാപ്പ ചൂണ്ടിക്കാണിച്ചുമാണ് സന്ദേശം ചുരുക്കിയത്.
(കടപ്പാട് : ശാലോം)