ശ്രീകാര്യം: ‘വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ചു പ്രത്യാശയുടെ തീർത്ഥാടകർ ആകാം’ എന്ന ആപ്തവാക്യം ഏറ്റെടുത്തു കൊണ്ട് ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദൈവാലയത്തിൽ മതബോധന സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം പരിചയപ്പെടുത്തി. ഫെബ്രുവരി 16 ഞായറാഴ്ച അതിരൂപതയുടെ സ്വർഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവചരിത്രം പ്രദർശിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് വിശുദ്ധയുടെ ജീവിതം ആസ്പദമാക്കി ക്വിസ്സ് പരിപാടിയും നടത്തി. വിശുദ്ധയുടെ ജീവിത പുണ്യമായ “എല്ലാവരെയും സ്നേഹിക്കുക” എന്ന പുണ്യം അനുദിന ജീവിതത്തിൽ പകർത്തുമെന്ന പ്രതിജ്ഞയും കുട്ടികളെടുത്തു. ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഓരോ മാസവും ഓരോ വിശുദ്ധരെ കുറിച്ച് ആഴമായ അറിവ് കുട്ടികൾക്ക് പകരുക എന്ന ആശയത്തിന് മതബോധന സമിതി തുടക്കം കുറിച്ചു.