ലൂര്‍ദ്: ഹോസ്പിറ്റാലിറ്റി ഓഫ് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ഓഫ് മാഡ്രിഡ് എന്ന തീര്‍ത്ഥാടന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലൂര്‍ദിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തില്‍ അന്ധയായ സ്ത്രീക്ക് കാഴ്ച ലഭിച്ചു. 800 പേരുമായി മെയ് 19ന് ലൂര്‍ദിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിലാണ് ഏകദേശം പൂര്‍ണമായി അന്ധയായിരുന്ന സ്ത്രീക്ക് സൗഖ്യം ലഭിച്ചത്.
വിശുദ്ധ ബെര്‍ണാദീത്തക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടതുപോലെ പ്രാര്‍ത്ഥനയോടെ മൂന്ന് തവണ അവിടെയുള്ള ജലമുപയോഗിച്ച് മുഖം കഴുകുകയും ആ ജലം കുടിക്കുകയും ചെയ്തപ്പോഴാണ് ഈ സ്ത്രീക്ക് സൗഖ്യം ലഭിച്ചത്. ലൂര്‍ദില്‍ നടന്ന 70 അത്ഭുത സൗഖ്യങ്ങളാണ് വത്തിക്കാന്‍ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഈ സ്ത്രീയുടെ അത്ഭുതസൗഖ്യം സ്ഥിരീകരിച്ചാല്‍ അത് വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന ലൂര്‍ദിലെ 71 ാമത്തെ അത്ഭുതമായിരിക്കും.
കോവിഡിനെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് വെള്ളത്തില്‍ മുങ്ങാനും പിന്നീട് ജലം കുടിക്കാനും അനുവാദമുണ്ടായിരുന്ന ലൂര്‍ദിലെ കുളത്തിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുവാനും പിന്നീട് വെള്ളം കുടിക്കുവാനുമുള്ള അവസരം പുനസ്ഥാപിച്ചിട്ടുണ്ട്. സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ നടക്കുന്ന ജപമാല പ്രദക്ഷിണത്തിലും തുടര്‍ന്നുള്ള ദിവ്യബലിയിലും ആയിരക്കണത്തിന് തീര്‍ത്ഥാടകര്‍ പങ്കുചേരും.