പോത്തൻകോട്: കഴക്കൂട്ടം ഫെറോനയിലെ കോലിയകോട് സെയിന്റ് ആന്റണീസ് ദൈവാലയ ആശിർവാദ കർമ്മം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളാകുന്ന പരിപാവനമായ ഇടങ്ങളാണ് ദേവാലയങ്ങളെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത വിശ്വാസികളെ ഓർമ്മപ്പെടുത്തി. ഒരു വ്യക്തി കൂദാശ സ്വീകരണത്തിലൂടെ ക്രിസ്തുവിന്റേതായി മാറുന്നതുപോലെ ജലം കൊണ്ടും വിശുദ്ധ തൈലം കൊണ്ടും അഭിഷേകം ചെയ്യുന്നതിലൂടെ ഒരു കെട്ടിടം ദേവാലയമായി മാറുന്നു. അതിനാൽ വിശ്വാസികൾക്ക് ദേവാലയങ്ങളിൽ ദൈവത്തെ കണ്ടുമുട്ടുന്ന ദിവ്യാനുഭവം ഉണ്ടാകണം. അതുവഴി മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും മാറുവാൻ നമുക്ക് സാധിക്കണമെന്ന് തന്റെ സന്ദേശത്തിൽ മെത്രാപ്പോലിത്ത പറഞ്ഞു.
കോലിയക്കോട് ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ, മോൺ. ജോർജ്ജ് പോൾ, ഫാ. റോബിൻസൺ, പ്രൊവിൻഷ്യൽ റവ. ഫാ. സെൽവൻ HGN, ഷൈജു HGN, ഡോ. ജോർജ്ജ് ഗോമസ്, ഫാ. ഭാസ്കർ ജോസഫ്, ഫാ. ആൻഡ്രൂസ് കോസ്മോസ്, ഫാ. ആന്റണി എസ്. ബി, ഫാ. ദീപക് ആന്റോ, ഫാ. ജോൺസൻ കൊച്ചുതുണ്ടിൽ, ഫാ. ബിനു ജോസഫ് തുടങ്ങിയ വൈദികർ തിരുകർമ്മങ്ങളിൽ സഹകാർമികരായിരുന്നു.
1955-ൽ സ്ഥാപിതമായ കോലിയകോട് സെന്റ്. ആന്റണീസ് ദേവാലയം കൊയ്ത്തൂർകോണം സേന്റ്. ജോസഫ്സ് ഇടവകയുടെ 14 കുടുംബങ്ങൾ മാത്രമുൾക്കൊള്ളുന്ന സബ്സ്റ്റേഷനായാണ് നിലകൊള്ളുന്നത്. 14 ക്രൈസ്തവ കുടുംബങ്ങൾ അധിവസിക്കുന്ന ഒരു പ്രദേശത്ത് ഒരു ദേവാലയമുയരുകയെന്നത് ദൈവത്തിന്റെ അസാധാരണമായ അത്ഭുതത്തിന്റെയും ഇടപെടലിന്റെയും നേർസാക്ഷ്യമാണെന്ന് ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ പറഞ്ഞു. ക്രിസ്തുവിന്റെ ദർശനങ്ങളും കൃപാവരങ്ങളും വരും നാളുകളിൽ അനേകർക്ക് പ്രചോദനമാകുവാൻ ശാന്തിഗിരി ആശ്രമത്തിന് ഒരുവിളിപാടകലെയുള്ള ഈ ദേവാലയത്തിന് വരും നാളുകളിൽ സാധിക്കുമെന്ന് വിശ്വാസ സമൂഹം പ്രത്യാശ പങ്കുവച്ചു.