റോം: അൻപതാമത് ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു പാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ്, കാനഡ എന്നിവയാണ് ജി 7 അംഗരാജ്യങ്ങളെങ്കിലും പ്രധാന സമ്മേളനങ്ങളിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ക്ഷണിക്കാറുണ്ട്. 11–ാം തവണയാണ് ഇന്ത്യ ജി 7 സമ്മേളനത്തിന്റെ ഭാഗമാകുന്നത്. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
ഗാസ സംഘർഷം, യുക്രെയ്ൻ– റഷ്യ യുദ്ധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ഇക്കുറി ചർച്ച നടക്കും. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്നത്.
2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. മോദിയെ കൂടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും. ഇറ്റലിയിലെ ബോർഗോ എഗ്സാനിയയിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുന്നത്.