തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണിയാണ് മരിച്ചത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. ഇതോടെ സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം ജീവൻ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം 70 കവിഞ്ഞു. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്.
മുതലപ്പൊഴിയിലെ അശാസ്ത്രീയ പുലിമുട്ട് നിർമാണമാണ് ഇത്രയും ജീവനുകൾ നഷ്ടപ്പെടാൻ കാരണം. ഇക്കാര്യം മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ടവരും നിരവധി തവണം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ശാശ്വത പരിഹാരം കണ്ടെത്തി നടപ്പിലാക്കുന്നതിന് സർക്കാർ ഇതുവരെ കാര്യക്ഷമാമായ നടപടികൾ കൈകൊണ്ടിട്ടില്ല. പകരം മത്സ്യത്തൊഴിലാളികളെയും അവരുടെ പക്ഷം നില്ക്കുന്നവരെയും അധിക്ഷേപിക്കാനും തള്ളിപറയുവാനുമുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞപ്രാവശ്യം അപകടസ്ഥലം സന്ദർശിച്ച സംസ്ഥാന മന്ത്രിമാർ തിരുവനന്തപുരം അതിരൂപത നേതൃത്വത്തിലുള്ളവരോട് കയർത്തതും മരണമടഞ്ഞവരുടെ ബന്ധുക്കളോട് ഷോ കാണിക്കരുതെന്ന് ആക്രോശിച്ചതും.