മൃതശരീരങ്ങളോട് അവഗണന പാടില്ല എന്നും, ആരെങ്കിലും മൃതശരീരത്തോടു, സെമിത്തേരിയിൽ ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും വ്യക്തതയുള്ള നാടാണ് നമ്മുടേത്. പക്ഷേ നിരവധി സാഹചര്യങ്ങളില്‍ ശവസംസക്കാരകര്‍മ്മങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികളും, അനിഷ്ടസംഭവങ്ങളും, ഈ വിഷയത്തില്‍ ആരുടേയും അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് നിര്‍മ്മിക്കുന്നതിന് സാഹചര്യമൊരുക്കി. മൃതതദേഹം സംസ്ക്കരിക്കുന്നതും , മരണാനന്തരചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഒരു ഓര്‍ഡിനന്‍സ് വന്നത്. അപരനുവേണ്ടിയുള്ള സ്നേഹം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവമതവുമായി ബന്ധ്പെട്ടുതന്നെ വേണ്ടിവന്നു സര്‍ക്കാരിന് ഇത്തരം ഒരു നിയമം നിര്‍മ്മിക്കാന്‍ എന്നത് സമകാലിക സാഹചര്യങ്ങളെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുന്നു. കേരളത്തില്‍ ക്രിസ്ത്യാനികളുടെ മൃതശരീരം സെമിത്തേരിയില്‍ മറവുചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് 2020 ജനുവരി 7-ന് ഒരു ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറത്തിറക്കിയത് THE KERALA CHRISTIAN CEMETERIES (RIGHT TO BURIAL OF CORPSE) ORDINANCE, 2020
എന്താണ് ഈ നിയമം ?
ക്രിസ്ത്യാനികളുടെ മൃതശരീരം മറവുചെയ്യുന്നതും, മരണാനന്തരശുശുശ്രൂഷകള്‍ നടത്തുന്നതുമായുള്ള കാര്യങ്ങള്‍ക്കാണ് ഈ നിയമം കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമത്തില്‍ സിമിത്തേരി എന്നതുകൊണ്ട് ഉദ്ദേശിച്ചരിക്കുന്നത് മൃതസംസ്ക്കാരത്തിനായി മാറ്റിയിട്ടിരിക്കുന്ന സ്ഥലം എന്നാണ്. നിലവില്‍ മൃതസംസ്ക്കാരകര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥലം സിമിത്തേരി എന്ന പദത്തിന്‍റെ പരിധി യില്‍ വരും. അത് കോണ്‍ക്രീറ്റ് വാള്‍ട്ടിലൂടെയുള്ള സംസ്ക്കാരമാണെങ്കിലും, ചാരമായി മാറുന്ന തരത്തിലുള്ള തരത്തിലാണെങ്കിലും, മൃതശരീരം കുഴിച്ചിടുന്ന തരത്തിലാണെങ്കിലും സെമിത്തേരി എന്ന നിര്‍വ്വചനത്തിന്‍റെ പരിധിയില്‍ വരും. ക്രിസ്ത്യന്‍ എന്ന പദം ആര്‍ക്കൊക്കെയാണ് ഇത് ബാധകമെന്ന് ചോദിച്ചാല്‍, ക്രിസ്ത്യന്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നതവരും, മാമോദീസ സ്വീകരിച്ചവരും, ബൈബിളില്‍ വിശ്വസിക്കുന്നവരുമാണ്. ഇടവക എന്ന പദം അര്‍ത്ഥമാക്കുന്നത് ആരാധനക്കുവേണ്ടി കുടുംബങ്ങള്‍ ഒരു പള്ളിയുടെ പേരിലോ, പ്രാര്‍ത്ഥനാലയത്തിന്‍റെ പേരിലോ ഒരുമിച്ചു കൂടുന്നത എന്നതാണ്.
എന്തിനുള്ള അവകാശം?
ഇടവകയില്‍ ഉള്‍പ്പെട്ടിട്ടുളള കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും തങ്ങളുടെ പൂര്‍വ്വികരെ മറവുചെയ്തിരിക്കുന്ന സിമിത്തേരികളില്‍ തങ്ങളുടെയും ശരീരം മറവുചെയ്യുന്നതിനള്ള അവകാശമാണ് ഇവിടെ മൃതശരീരം മറവുചെയ്യുവാനുള്ള അവകാശമായി നിര്‍ണ്ണയിച്ചിരിക്കുന്നത്. തങ്ങളുടെ പൂര്‍വ്വികര്‍ മറവുചെയ്യപ്പെട്ടിട്ടുള്ള സെമിത്തേരിയില്‍ ഇത്തരത്തില്‍ പിന്‍ തലമുറക്കാര്‍ക്ക് അവകാശം ഉന്നയിക്കാവുന്നതാണ്. മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദേവാലയത്തിലോ, സിമിത്തേരിയിലോ, മരണാന്തര ചടങ്ങുകൾ വേണ്ടെന്നു വെയ്ക്കാവുന്നതും മറ്റു ഏതെങ്കിലും സ്ഥലങ്ങളിൽ, അവരുടെ താല്പര്യാനുസരണമുള്ള വൈദികന്റെ കാർമ്മികത്വത്തിൽ സംസ്ക്കാരകര്‍മ്മങ്ങള്‍ നടത്താം. കുടുംബാംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിമിത്തേരിയില്‍ മറവുചെയ്തിട്ടുള്ള വ്യക്തിയുടെ വംശപരമ്പരയില്‍ ഉള്ള ആളുകള്‍ എല്ലാവരും ഉള്‍പ്പെടുന്ന രീതിയിലാണ്.
ശിക്ഷാര്‍ഹമായ കുറ്റം
ഈ നിയമപ്രകാരം മൃതശരീരം മറവുചെയ്യാന്‍ അവകാശമുള്ള സാഹചര്യത്തെ ആരെങ്കിലും തടയുകയോ, തടയുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഒരു വര്‍ഷം വരെ തടവോ, 10000/-രൂപപിഴയോ കിട്ടാവുന്നതാണ് മാത്രമല്ല, പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നത തരത്തിലുള്ള കുറ്റം കൂടിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല്‍, ജാമ്യം കിട്ടാവുന്നതും, ഒത്തുതീര്‍പ്പാകാവുന്നതുമായ തരത്തില്‍ ഉള്‍പ്പെട്ടതാണ്.
പള്ളിയില്‍ രേഖകള്‍ സൂക്ഷിക്കണം
നിയമത്തിന്‍റെ വകുപ്പ് 3 പ്രകാരം മൃതശരീരം മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക രേഖ പള്ളി വികാരി സൂക്ഷിക്കേണ്ടാണ്. ദേവാലയത്തിലെ ഒരു സ്ഥിരം രേഖയായി ഈ രജിസ്റ്റര്‍ സൂക്ഷിക്കുകയും, നിയമാനുസൃതം അപേക്ഷിക്കുന്ന ആളുകള്‍ക്ക് അതിന്‍റെ പകര്‍പ്പ് നിശ്ചിത ഫീസ് ഈടാക്കി കൊടുക്കുകയും ചെയ്യണം. ഇവിടെ വികാരി എന്ന് ഉദ്ദേശിക്കുന്നത് വൈദികനോ, പാസ്റ്ററോ, അല്ലെങ്കില്‍ മൃതസംസ്ക്കാരങ്ങള്‍ നടത്തുന്ന ആളോ എന്നതാണ്.
നിലവിൽ ഈ നിയമം സംസ്ഥാന സർക്കാർ ഓർഡിനൻസ് ആയി ആണ് പുറത്തിറക്കിയിരിക്കുന്നത്. പിന്നീട് മാറ്റങ്ങൾക്കു വിധേയമാകുകയോ ആവശ്യാനുസരണം ചട്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം.
(കടപ്പാട്: നിയമദർശി)