ന്യൂഡൽഹി: കുടുംബത്തെക്കുറിച്ച് സുപ്രധാനമായ നിരീക്ഷണം നടത്തി ഇൻഡ്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതി. കുഞ്ഞുങ്ങൾ ജനിക്കുകയും വളരുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് കോടതി നടത്തിയ നിരീക്ഷണം. നാൽപ്പത്തിനാലുകാരിയായ അവിവാഹിത വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുന്ന ഇൻഡ്യയുടെ കുടുംബസംസ്‌കാര സവിശേഷത എടുത്തുപറഞ്ഞ വിധിവാക്യങ്ങൾ കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതും കുടുംബജീവിതത്തിൻ്റെ മഹത്വം വ്യക്തമാക്കുന്നതുമാണ്. മാതൃത്വത്തിന്റെ മഹനീയതയെ ചൂണ്ടികാണിച്ച കോടതി അമ്മയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹം കഴിക്കുകയോ ദത്തെടുക്കുകയോ ചെയ്യണമെന്ന് ഹർജിക്കാരിയോട് ഉപദേശിച്ചു.