തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഓഗസ്റ്റ് 14ന് വൈകുന്നേരം 3മണിക്ക് സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷത വഹിക്കുന്ന ദിവ്യബലിയിൽ ഡീക്കൻ അജിത്ത്, ഡീക്കൻ കാർവിൻ എന്നിവർ പൗരോഹിത്യവും ബ്രദർ ടൈസൺ ഡീക്കൻ പട്ടവും സ്വീകരിക്കും.ഡീക്കൻ ജിം കാർവിൻ റോച്ച് വള്ളവിള സെൻറ് മേരീസ് ദൈവാലയ ഇടവക അംഗം ആണ്. 1988 ഒക്ടോബർ 4 ന് മരിയ സേവിയർ ബെല്ലാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. പോലീസ് ഉദ്യോഗസ്ഥനായ പിതാവും അദ്ധ്യാപകയായ മാതാവും ദൈവം തങ്ങൾക്കു സമ്മാനിച്ച മക്കളെ ചിട്ടയോടും ദൈവഭക്തിയോടയും കൂടെയാണ് വളർത്തിയത്. നീരോടിത്തുറയിലെ സെൻറ് നിക്കോളാസ് മിഡിൽ സ്കൂളിൽ അമ്മയുടെ കരം പിടിച്ചു എന്നും പോകുമ്പോൾ മറ്റ് കുട്ടികൾ ടീച്ചറായ അമ്മയെ സ്നേഹിക്കുന്നത് കണ്ട് ആദ്യം ഒരു അദ്ധ്യാപകൻ ആകണം എന്നായിരുന്നു കുഞ്ഞു കാർവിൻ്റെ ആഗ്രഹം. പിന്നീട് നാഗർകോവിൽ കാർമൽ ഹയർ സെക്കണ്ടറി സ്കൂൾ പഠനവും ബി.എസ്.സി ഫിസിക്സ് തിരുച്ചി സെന്റ് ജോസഫ്സ് കോളേജ് പഠനവും വ്യസ്തമായ ആഗ്രഹം യുവാവായ കാർവിനിൽ ജനിപ്പിച്ചു, അതായത് ഒരു വൈദീകൻ ആകണം. ജെസ്യൂട്ട് വൈദീകരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള രൂപീകരണമാണ് പ്രധാനമായും ഒരു വൈദീകനാകാനുള്ള ഉറച്ച തീരുമാനം എടുക്കാൻ സഹായിച്ചതെന്ന് ഡീക്കൻ കാർവിൻ പറയുന്നു.
2009ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. റവ. ഫാ. മരിയ മൈക്കിൾ ഫെലിക്സ് ആയിരുന്നു പ്രീഫെക്റ്റ്. പുതിയ അനുഭവമായ സെമിനാരി എന്ത് പഠിപ്പിച്ചു എന്ന് ചോദിച്ചാൽ ഡീക്കൻ ഉടനെ പറയുമായിരുന്നു – എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. പ്രീ ഫിലോസഫി പഠനം പൂന്തുറ ഇടവകയിലും സെൻറ് ആൻഡ്രൂസ് ഇടവകയിലും ആയിരുന്നു വ്യത്യസ്തങ്ങളായ അനുഭവങ്ങൾ അവിടെനിന്നും നേടി തത്വശാസ്ത്രം പഠിക്കുവാൻ ആലുവയിലെ സെൻറ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലേക്ക് അതിരൂപത അയച്ചു. മാതൃ ഭാഷ തമിഴ് ആയതുകൊണ്ട് നേരിട്ട എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യുവാൻ സാധിച്ചത് കർമലഗിരി സെമിനാരിയിൽ ആയിരുന്നു. ഷെവലിയാർ പ്രീമുസ് പെരുംചേരി സാർ മലയാള ഭാഷയെ സ്നേഹിക്കുവാനും അത് സ്വായത്തമാക്കുവാനും പഠിപ്പിച്ചു. റീജൻസി കാലം മൈനർ സെമിനാരിയിൽ റവ ഫാ. മരിയ മൈക്കിൾ ആയിരുന്നു പ്രീഫെക്ട്. ദൈവശാസ്ത്രം റോമിലെ മരിയ മാത്തർ എക്ലേസിയേ സെമിനാരിയിൽ ആണ് പൂർത്തിയാക്കിയത്. സൗഹൃദത്തിൻ്റെ വ്യത്യസ്തമായ വാതായനകളാണ് റോമൻ പഠനനാളുകൾ സമ്മാനിച്ചത്. വിവിധ രാജ്യക്കാർ, അവരുടെ വ്യത്യസ്തമായ ഭാഷാ സംസ്കാരം, ഭാരത സഭയിലെ മറ്റ് റീത്തിലെ വൈദീകാർത്ഥികൾ, അവരോടൊത്തുള്ള സൗഹൃദം എന്നിവയൊക്കെ വിശാലമായ കാഴ്ച്ചപാടുള്ള വ്യക്തിയാക്കി മാറ്റി എന്ന് കാർവിൻ തിരിച്ചറിയുന്നു.
സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചാണ് കാർവിൻ ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. തൊട്ടടുത്ത ദിനം തൻ്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും സാനിധ്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ കൂടെ പെന്തക്കുസ്താ ദിവസം ദിവ്യബലിയിൽ അൾത്താര ശുശ്രൂഷ ചെയ്യുവാൻ അവസരം ലഭിച്ചത് ജീവിതത്തിലെ മറക്കാൻ ആവാത്ത നിമിഷങ്ങളിൽ ഒന്നായി ഹൃദയത്തിൽ സൂക്ഷിക്കുന്നു.
ഒരു വൈദീകൻ എന്ന നിലയിൽ തന്നെ ഭരമേൽപിക്കുന്ന ഉത്തവാദിത്തങ്ങളോടൊപ്പം യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന, അവരെ കേൾക്കുന്ന, കൂടെനടക്കുന്ന, ക്രിസ്തുവിന്റെ പാത കാട്ടികൊടുക്കുന്ന വൈദീകൻ ആകുവാൻ ആണ് ഡീക്കൻ കാർവിൻ ലക്ഷ്യം വയ്ക്കുന്നത്. ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ആണ് തൻ്റെ ജീവിതലക്ഷ്യത്തിൻ്റെ ആപ്തവാക്യമായി ഡീക്കൻ സ്വീകരിച്ചിരിക്കുന്നത് : “You, dear young people, you are not the future, but the now of God…”ഡീക്കൻ അജിത്ത് ആന്റണി മാരിയറ്റ് ദമ്പതികളുടെ മൂത്ത മകനായി സൗത്ത് കൊല്ലംകോട് സെൻറ് മാത്യു ഇടവകയിൽ 1990 ജൂൺ മാസം 16-റാം തീയതി ജനിച്ചു. അജിത് ഡീക്കന് മൂന്നു സഹോദരിമാരും ഒരു സഹോദരനും ഉണ്ട്. അൾത്താര ബാലൻ ആയിരുന്നു അജിത്. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം മാതാപിതാക്കളുടെയും അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. റോഡ്രിക്സ് കുട്ടിയുടെയും അനുവാദത്തോടും അനുഗ്രഹത്തോടുംകൂടെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മൈനർ സെമിനാരി ആയ വിയാനി ഭവനിൽ ചേർന്നു. ഇപ്പോഴത്തെ അതിരൂപത ചാൻസിലർ റവ.ഡോ.എഡിസൺ ആയിരുന്നു അന്നത്തെ പ്രീഫെക്ട്. തീരപ്രദേശമായ ജന്മനാട്ടിൽ നിന്നും മാറി നിൽക്കുന്ന ആദ്യാനുഭവവും സെമിനാരി ജീവിതവും വളരെ മനോഹരമായ കാലഘട്ടമായിരുന്നു എന്ന് ഡീക്കൻ ഓർമിക്കുന്നു. ആശയ വിനിമയം നടത്തുവാൻ ഇംഗ്ലീഷ് ഭാഷ നിർബന്ധം ആണ് എന്ന നിയമം ആദ്യത്തെ കടമ്പ ആയിരുന്നു. അന്ന് അതിജീവനത്തിനായി നടത്തിയ സംഭാഷണങ്ങൾ ഇന്ന് നർമ്മപ്രദായകമായ നിമിഷങ്ങൾ ആണ്. വിശാലമായ സെമിനാരി പറമ്പിൽ വിറകു ശേഖരണം കൃഷി പണി എല്ലാം രൂപീകരണത്തിൽ സഹായിച്ചു. സോഷ്യോളജി ഡിഗ്രി പഠനം ഒന്നാം റാങ്കോടെ പൂർത്തിയാക്കി. തത്വശാസ്ത്ര പഠനം ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും പൂർത്തിയാക്കി. ബാംഗ്ലൂർ എന്ന സ്വപ്നനഗരി, വേഗതയോടെ ചീറിപ്പായുന്ന ഒരു ലോകത്തെ തനിക്ക് കാട്ടിത്തന്നു എന്ന് പറഞ്ഞുവയ്ക്കുമ്പോൾ ഉത്തവാദിത്വവും സ്വാതന്ത്ര്യവും മനസിലാക്കുവാൻ സഹായിച്ച സെൻറ് പീറ്റേഴ്സ് സെമിനാരിയിലെ വൈദീകരോടുള്ള കടപ്പാട് വലുതാണ്. അതു തന്നെ ആണ് റീജൻസി കാലഘട്ടത്തിൽ കൈമുതലായി കരുതിയതും. അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി കാലഘട്ടം ആയിരുന്നു അത്. അതിരൂപത പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാനും അതിരൂപതയെ സ്നേഹിക്കുവാനും സഹായിച്ച കാരയ്ക്കാമണ്ഡപം ഇടവക ജനങ്ങളും പുതുക്കുറിച്ചി ഇടവക ജനങ്ങളും ഒരു സെമിനാരിക്കാരൻ എന്ന നിലയിൽ കാണിച്ച ഊഷ്മള സ്നേഹം ദൈവവിളിയിൽ മുമ്പോട്ടുപോകുവാൻ പ്രചോദനം നൽകി. റോമിൽ വത്തിക്കാൻ നേരിട്ട് നടത്തുന്ന ഉർബാനോ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രവും ബൈബിളിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ബൈബിൾ അനേകം തലമുറകളുടെ ത്യാഗം കൊണ്ട് മാത്രം നമ്മുടെ തലമുറയ്ക്ക് ലഭിച്ച സമ്മാനമാണ്. അത് ജീവിതത്തിൽ അനുദിനം വായിക്കേണ്ടതിൻ്റെയും ജീവിതത്തിൽ അതനുസരിച്ചു ക്രമപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയുണ്ട്. ഒരു ബൈബിൾ പണ്ഡിതനും പ്രചാരകനും അധ്യാപകനും ആകാനാണ് ഡീക്കൻ അജിത് ആഗ്രഹിക്കുന്നത്. 2018 ഏപ്രിൽ 28ന് സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ഡീക്കൻ പട്ടം സ്വീകരിച്ചു, അതേ അൾത്താരയിൽ രണ്ടു വട്ടം പാപ്പയുടെ ദിവ്യബലിയിൽ ഡീക്കൻ്റെ ചുമതലകൾ നിർവഹിക്കാൻ സാധിച്ചതിൽ മറക്കാൻ സാധിക്കാത്ത അനുഭവമായി. 2109 പുതുവർഷ പുലരിയിലെ ഭിവ്യബലി പാപ്പയുമായി പങ്കെടുക്കാനും അദ്ദേഹത്തിൽ നിന്നും ജപമാല സമ്മാനമായി സ്വീകരിക്കാൻ സാധിച്ചതുമാണ്. അജിത, അജീഷ്, അഞ്ജിത, ആതിര എന്നീ സഹോദരങ്ങളുടെ പ്രാർത്ഥനയും പിന്തുണയും മാതാപിതാക്കളുടെ ത്യാഗോജ്ജ്വലമായ ജീവിതവും ആണ് ദൈവവിളിയിൽ ഡീക്കൻ അജിത്തിന്റെ കരുത്ത്.ബ്രദർ ടൈസൺ മൂങ്ങോടു സെൻറ് സെബാസ്റ്റ്യൻ ദൈവലായ ഇടവക അംഗങ്ങളായ ടൈറ്റസ്-ശൈലജ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1989 മേയ് മാസം 20 ന് ജനിച്ചു. ബാല്യകാലം മുതലുള്ള ആഗ്രഹം ആയിരുന്നു വൈദീകൻ ആവുക എന്നത്. അതിന്റെ ആദ്യ പടി എന്നോണം അൾത്താര ബാലനായി തീരുവാൻ ആഗ്രഹിച്ചു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞ ഉടനെ വികാരി അച്ചനോട് ആഗ്രഹം പറഞ്ഞു. അങ്ങനെ പത്താം ക്ലാസ് വരെ അൾത്താര ബാലനായി ദിവ്യബലിക്ക് എല്ലാ ഒരുക്കങ്ങളും ചെയ്തു പോന്നു. ബന്ധുവായ റവ. ഫാ. പോൾ ക്രൂസ് എന്ന വൈദീകനോടാണ് ആദ്യമായി സെമിനാരിയിൽ ചേരണം എന്ന ആഗ്രഹം ആദ്യമായി അറിയിച്ചത്. മാതാപിതാക്കളും സഹോദരങ്ങളും ഈ ആഗ്രഹത്തിന് പൂർണമായ പിന്തുണ നൽകി. 2004ൽ ഇടവക വികാരി ആയിരുന്ന റവ. ഫാ. ജോൺ ബോസ്കോയുടെ അനുഗ്രഹങ്ങൾ വാങ്ങി സെമിനാരിയിൽ ചേർന്നു. പതിനഞ്ച് പേരുടെ ബാച്ച്. റവ. ഫാ. ആന്റോ ജോറിസ് രൂപീകരണത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയ സാധന സെമിനാരി. സർവ്വ കാര്യങ്ങളും സെമിനാരി വിദ്യാർത്ഥികൾ സ്വയം ചെയ്യുന്ന രൂപീകരണ ശൈലി. രാത്രി വോൾട്ടേജ് നല്ല രീതിയിൽ ലഭിക്കുമ്പോൾ മോട്ടോർ തോളിൽ കൊണ്ട് പോയി ടാങ്കിൽ വെള്ളം കയറ്റുന്നതും, സെമിനാരിക്ക് ദിവസേന ആവശ്യമുള്ള പാൽ കറക്കുന്നതും പശുക്കളെ പരിപാലിക്കുന്നതും എല്ലാം സെമിനാരിക്കാർ തന്നെ ആയിരുന്നു. അതെല്ലാം ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യുവാൻ സഹായിച്ചു എന്നതിനു ജീവിതം ആണ് സാക്ഷി എന്ന് ബ്രദർ ടൈസൺ ഓർത്തെടുത്തു.
പ്ലസ് ടൂ, ബിരുദ പഠനങ്ങൾ സെൻറ് വിൻസെൻറ് സെമിനാരിയുടെ അകത്തായിരുന്നു. പഠനങ്ങൾക്ക് ശേഷം കൊൽക്കത്തയിലെ മോർണിംഗ് സ്റ്റാർ കോളേജിൽ തത്വശാസ്ത്രം പൂർത്തിയാക്കി.
കൊൽക്കത്ത നഗരത്തിലെ ജീവിതം പകർന്നു നൽകിയ ഉൾക്കാഴ്ചകൾ വിലമതിക്കാൻ കഴിയാത്തതാണ്. മദർ തെരേസയുടെ അഗതിമന്ദിരങ്ങളിൽ പോയി സേവനം ചെയ്യുവാൻ സാധിച്ചു. രോഗപീഡകളാൽ വേദനിക്കുന്നവരോട് കൂടായിരിക്കുവാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അവിടെ നിന്നാണ് പഠിച്ചത്. പൗരോഹിത്യത്തിന്റെ മറ്റൊരു മുഖമാണ് ദർശിക്കുവാൻ കഴിഞ്ഞത്. ദൈവവിളിയിൽ ഇത് വെളിച്ചവും തെളിച്ചവും ആയിമാറി. റീജൻസി കാലഘട്ടം മൈനർ സെമിനാരിയിൽ ആയിരുന്നു. പുതിയ ദൈവവിളികൾ പ്രോത്സാഹിപ്പിക്കുവാനും സ്വയം വിലയിരുത്തുവാനും ഈ സമയം വിനിയോഗിക്കാൻ കഴിഞ്ഞു.
നെതെർലാൻഡിലെ രോയർമൊണ്ട് രൂപതയിലെ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം നടത്തി വരുന്നു. പൗരോഹിത്യം എന്ന വലിയ ദാനം സ്വീകരിക്കാൻ വേണ്ടി ഇനിയും കൂടുതൽ ഒരുങ്ങുവാൻ ആണ് ബ്രദർ ടൈസൺ ഇപ്പോൾ ശ്രമിക്കുന്നത്. ടൈസൺ ബ്രദറിൻ്റെ സെമിനാരി ബാച്ചിലെ മറ്റുള്ള എല്ലാവരും വൈദീകർ ആകുമ്പോൾ താൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഡീക്കൻ പട്ടവും പൗരോഹിത്യ സ്വീകരണവും ആണ് സ്വീകരിക്കുന്നത്.ബ്രദർ ടൈസൺ ഡീക്കൻ പട്ടം സ്വീകരിക്കുമ്പോൾ സെമിനാരി ബാച്ചിലെ മറ്റു എട്ടു പേരും പൗരോഹിത്യം സ്വീകരിച്ചു കഴിഞ്ഞതിനെ പറ്റി അഭിമാനത്തോടുകൂടെ ആണ് സംസാരിക്കുന്നത്. തനിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ കൂടെപഠിച്ച വൈദീകരുണ്ടാകും എന്ന പ്രതീക്ഷ ടൈസനെ നയിക്കുന്നു. നെതെർലാൻഡിലെ രോയർമൊണ്ട് രൂപതയ്ക്ക് വേണ്ടി തൻ്റെ പൗരോഹിത്യത്തിന്റെ ആദ്യ വർഷങ്ങളുടെ സേവനം നിർവഹിക്കുവാൻ ആണ് അതിരൂപത നിർദേശം നൽകിയിരിക്കുന്നത്. അനേകം വിശുദ്ധരെ പോലെ “എനിക്ക് ദാഹിക്കുന്നു” എന്ന ആപ്തവാക്യം പൗരോഹിത്യ ജീവിതത്തിൽ സ്വീകരിച്ച് അതിന് ഉതകുന്ന രീതിയിൽ ജീവിതം ക്രമപ്പെടുത്തുവാനും ആത്മാക്കളെ നേടുവാനും ആണ് ബ്രദർ ടൈസൻ പ്രതീക്ഷിക്കുന്നത്. ടാസ്, ടാട്ട്‌ലിൻ എന്നിവർ സഹോദരങ്ങൾ ആണ്. .